അനിൽകുമാർ

‘പിടിവിട്ടെങ്കിൽ എല്ലാം തീർന്നേനെ...’ -പൊലീസുകാരൻ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച അനിൽകുമാർ

കണ്ണൂർ: ‘പെട്രോൾ അടിച്ച പണം ചോദിച്ചപ്പോഴാണ് കാറിടിച്ച് കൊല്ലാൻ നോക്കിയത്. ബോണറ്റിൽ വീണതോടെ ഒരു മനുഷ്യജീവനെന്ന വിലപോലും നൽകാതെ അതിവേഗത്തിൽ കാർ ഓടിച്ചുപോവുകയായിരുന്നു. സ്വാധീനംകുറഞ്ഞ കൈയാണെങ്കിലും ബോണറ്റിൽ പിടിത്തം കിട്ടിയതുകൊണ്ട് മാത്രമാണ് ഞാൻ മരിക്കാതെ രക്ഷപ്പെട്ടത്’ -കണ്ണൂർ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ എൻ.കെ.ബി.ടി പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ പൊലീസ് ഡ്രൈവറുടെ പരാക്രമത്തിനിരയായ പമ്പ് ജീവനക്കാരൻ അനിൽകുമാറിന്റെ വാക്കുകളിൽ വിറയൽ വിട്ടുമാറിയില്ല. ​

മൂന്നുമാസംമുമ്പ് വീണ് കൈയിലെ എല്ലൊടിഞ്ഞതിനാൽ സ്റ്റീൽ ഇട്ടിരിക്കുകയാണ്. നഗരത്തിലൂടെ കാർ കുതിച്ചുപായുമ്പോൾ പിടിവിടാതിരിക്കാനാണ് ശ്രമിച്ചത്. പെട്ടെന്ന് ബ്രേക്കിട്ടും വെട്ടിച്ചും ബോണറ്റിൽനിന്ന് തള്ളിയിടാനും ശ്രമമുണ്ടായി. പലപ്പോഴും കൈകൾ തളർന്നു. സ്റ്റീലിട്ട കൈയിൽ അസഹനീയമായ വേദനയുണ്ടായി. എങ്കിലും പിടിച്ചിരുന്നു. കൈവിട്ടുപോയാൽ അതേകാർ കയറിയോ പിന്നാലെയെത്തുന്ന വാഹനങ്ങൾ തട്ടിയോ റോഡിൽ തീരും. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം അനാഥമാകും. എല്ലാം അവസാനിക്കുകയാണെന്ന തോന്നലിലും സർവശക്തിയും സംഭരിച്ച് കാറിൽ തൂങ്ങിയിരുന്നു. തനിക്കുണ്ടായ ദുരനുഭവം വിവരിക്കുമ്പോൾ പള്ളിക്കുളം കൗസല്യാലയത്തിൽ പി. അനിൽകുമാറിന്റെ കണ്ഠമിടറി.

ഒരുവർഷംമുമ്പാണ്പെ ട്രോൾ പമ്പിൽ ജോലിക്ക് ചേർന്നത്. വീണുപരിക്കേറ്റതോടെ ഇടക്ക് കുറച്ചുകാലം അവധിയിലായിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് ജോലിക്ക് കയറിയത്. മൂന്നോടെയാണ് വെളുത്ത നിറത്തിലുള്ള സ്വകാര്യകാർ പമ്പിലെത്തിയത്. ഡ്രൈവർ പൊലീസുകാരനാണെന്നൊന്നും അറിയില്ലായിരുന്നു. ആദ്യം 500 രൂപക്ക് പെട്രോൾ അടിക്കാൻ പറഞ്ഞു. പിന്നീട് ഫുൾ ടാങ്ക് അടിക്കണമെന്നായി. 2,100 രൂപ നൽകേണ്ടിയിരുന്നതിനുപകരം 1,900 രൂപ മാത്രമാണ് നൽകിയത്. ബാക്കി 200 രൂപ ചോദിച്ചപ്പോൾ ഇതേ കൈയിലുള്ളൂവെന്നായി മറുപടി.

കാർ ഒതുക്കി എ.ടി.എമ്മിൽ പോയി പണമെടുത്തുവരാൻ സൗകര്യമൊരുക്കിയെങ്കിലും കടന്നുകളയാനായിരുന്നു ഡ്രൈവറുടെ ശ്രമം. എതിർവശത്തുനിന്ന് വാൻ വന്നതിനാൽ കാറിന്റെ വേഗം കുറഞ്ഞപ്പോൾ മുന്നി​ലെത്തി ബാക്കി പണം ചോദിച്ചതോടെ ഇരമ്പത്തോടെ വണ്ടി ഇടിച്ചുകയറ്റുകയായിരുന്നു. ഞായറാഴ്ചയായതിനാൽ റോഡിൽ ആളുകൾ കുറവായിരുന്നു.

അരക്കിലോമീറ്ററിലേറെ നഗരത്തിലൂടെ ചീറിപ്പാഞ്ഞു. മഹാത്മാ മന്ദിരത്തിനുസമീപം യു ടേൺ എടുത്ത ശേഷം കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലാണ് വണ്ടിനിർത്തിയത്. ട്രാഫിക് പൊലീസുകാർ പറയുമ്പോഴാണ് ഡ്രൈവറാരാണെന്ന് അറിയുന്നത് -അനിൽകുമാർ തുടർന്നു.

പ്രതി ‘അജ്ഞാതൻ’; രക്ഷിക്കാനുള്ള ശ്രമ​മെന്ന് ആക്ഷേപം

പൊലീസ് ഉദ്യോഗസ്ഥനായ ഡ്രൈവർക്കെതിരെ കേസെടുത്തെങ്കിലും എഫ്.ഐ.ആറിൽ പ്രതി അജ്ഞാതൻ. പ്രതി കാർ ട്രാഫിക് സ്റ്റേഷനിൽ ഓടിച്ചുകയറ്റിയ ശേഷമാണ് പമ്പ് ജീവനക്കാരൻ അനിൽകുമാർ രക്ഷപ്പെട്ടത്. ട്രാഫിക് സ്റ്റേഷനിലുള്ളവർ കണ്ണൂർ ജില്ല പൊലീസ് ആസ്ഥാനത്തെ ഡ്രൈവർ കെ. സന്തോഷ് കുമാറിനെ തിരിച്ചറിയുകയും ‘ഒരു പൊലീസുകാരനായതിനാലാണ് തല്ലാതെ വിടുന്നതെന്നും’ പറഞ്ഞിരുന്നു. അനിൽകുമാറിനോട് ടൗൺ സ്റ്റേഷനിലെത്തി പരാതിപ്പെടാൻ പറഞ്ഞതും പൊലീസുകാരാണ്. എന്നാൽ, സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞ് സി.സി.ടി.വി ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടും രാത്രി 8.41ന് 781ാം ക്രെം നമ്പറായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോഴാണ് പ്രതിയു​ടെ പേരിനുനേരെ അജ്ഞാതൻ എന്ന് രേഖപ്പെടുത്തിയത്. ഇയാൾ നേരത്തെ കണ്ണൂർ നഗരത്തിലെ പെട്രോൾ പമ്പിൽ പൊലീസ് ജീപ്പ് ഇടിച്ചുകയറ്റിയ സംഭവത്തിലും ഉൾപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് പൊലീസ് ക്യാമ്പിലേക്ക് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്ന ജോലിക്ക് നിയോഗിക്കുകയായിരുന്നു. ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കടക്കം സുപരിചിതനായിരുന്ന പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്.

പൊലീസ് ഡ്രൈവർ റിമാൻഡിൽ

പമ്പ് ജീവനക്കാരനെ ബോണറ്റിൽ ഇടിച്ചുകയറ്റിയ ശേഷം നഗരത്തിലൂടെ കാറിൽ കുതിച്ച ജില്ല പൊലീസ് ആസ്ഥാനത്തെ ഡ്രൈവർ കെ. സന്തോഷ് കുമാറിനെ റിമാൻഡ് ചെയ്തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. പ്രതിയെ സർവിസിൽനിന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - Cop Flees Cop with petrol pump employee on bonnet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.