കൊച്ചി: പാമ്പ് ഭീതിയകറ്റാൻ വനം വകുപ്പ് ആരംഭിച്ച സർപ്പ ആപ് വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പാമ്പുകൾ കാട്ടിലായത് കണ്ണൂരിൽ. ആപ്പിന്‍റെ പ്രവർത്തനം മൂന്നര വർഷം പിന്നിടുമ്പോഴാണ് പാമ്പിനെ കാടുകയറ്റുന്നതിൽ കണ്ണൂർ മുന്നിലെത്തിയത്. ഇക്കാലയളവിൽ 8000ത്തോളം പാമ്പുകളെയാണ് അവിടെ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ പിടികൂടിയത്. 4360 പാമ്പുകളുമായി എറണാകുളമാണ് തൊട്ടുപിന്നിൽ. 3534 പാമ്പുകളെ പിടികൂടി തിരുവനന്തപുരവും 3525 എണ്ണവുമായി വയനാടും ഒപ്പത്തിനൊപ്പമുണ്ട്.
ജനവാസ കേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ പിടികൂടി സുരക്ഷിത മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2021 ജനുവരിയിലാണ് വനം വകുപ്പിന് കീഴിൽ സ്നേക്ക് അവയർനെസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ മൊബൈൽ ആപ് പ്രവർത്തനം ആരംഭിച്ചത്. പാമ്പിനെ കണ്ടയുടൻ ആപ്പിൽ വിവരം നൽകിയാൽ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തി പിടികൂടി സുരക്ഷിത കേന്ദ്രത്തിലെത്തിക്കുന്നതാണ് രീതി. ആപ് വഴി മൂന്നര വർഷത്തിനിടെ 34,928 പാമ്പുകളെയാണ് രക്ഷപ്പെടുത്തിയത്. സംസ്ഥാനത്ത് 2400ഓളം പേർക്ക് പാമ്പ് പിടിത്തത്തിനായി പരിശീലനം നൽകിയിട്ടുണ്ടെങ്കിലും നിലവിൽ 740 പേരാണ് സജീവമായിട്ടുള്ളത്.
കേരളത്തിൽ 130 തരം പാമ്പുകളുണ്ടെന്നാണ് വനം വകുപ്പിന്‍റെ കണക്ക്. ഇതിൽ അത്യന്തം അപകടകാരികളുടെ കൂട്ടത്തിൽ നാലെണ്ണത്തിനെയാണ് പെടുത്തിയിരിക്കുന്നത്. മൂർഖൻ, വെള്ളിക്കെട്ടൻ (വളവളപ്പൻ, ശംഖുവരയൻ), അണലി (ചേനത്തണ്ടൻ), ചുരുട്ടമണ്ഡലി എന്നിവയാണവ. ഇവ ജനവാസകേന്ദ്രങ്ങളിൽ പൊതുവേ കാണപ്പെടുന്നതിനാലാണ് അപകടകാരികളുടെ കൂട്ടത്തിൽപെടുത്തിയിരിക്കുന്നത്. രാജവെമ്പാല ഉഗ്രവിഷമുള്ളതാണെങ്കിലും ജനവാസ കേന്ദ്രങ്ങളിൽ കാണാറില്ല. മലമ്പാമ്പും ജനവാസ മേഖലകളിൽ എത്താറുണ്ടെങ്കിലും അപകടകാരികളല്ല. മൂന്നരവർഷത്തിനിടെ ഉഗ്രവിഷമുള്ള 11,566 മൂർഖൻ, 402 വെള്ളിക്കെട്ടൻ, 327 രാജവെമ്പാല, രണ്ടായിരത്തോളം അണലി എന്നിവയും ആപ് വഴി കാട്ടിലായിട്ടുണ്ട്.
വനത്തിന് പുറത്ത് പാമ്പുകടിയേറ്റ് മരിച്ചാൽ രണ്ടുലക്ഷം രൂപയാണ് സർക്കാർ ധനസഹായം. ചികിത്സ സഹായമായി പരമാവധി ഒരുലക്ഷം വരെയും ലഭിക്കും. എന്നാൽ, പട്ടികവർഗക്കാരാണെങ്കിൽ ചികിത്സ സഹായത്തിന് പരിധിയില്ല. രക്ഷാപ്രവർത്തനത്തിനിടെ സന്നദ്ധ പ്രവർത്തകർക്ക് കടിയേറ്റ സംഭവങ്ങളുമുണ്ടാകുന്നുണ്ട്. പൊതുജനങ്ങൾക്ക് പരമാവധി സഹായകരമാകുന്ന രീതിയിലാണ് ആപ് ക്രമീകരിച്ചിരിക്കുന്നതെന്ന് നോഡൽ ഓഫിസറും അസി. ഫോറസ്റ്റ് കൺസർവേറ്ററുമായ വൈ. മുഹമ്മദ് അൻവർ പറഞ്ഞു. ഇതുമൂലം പാമ്പുകടി മരണങ്ങളുടെ നിരക്ക് കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.