തിരുവനന്തപുരം: ട്രാൻസ്പോർട് കമീഷണറേറ്റിലെ പർച്ചേസുകളിലെ ക്രമക്കേടുകൾ സംബന്ധിച്ചും അതിലുള്ള അഴിമതിയും പുറത്തു കൊണ്ടുവരുന്നതിന് സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ധനകാര്യ റിപ്പോർട്ട്. 2011-16 കാലഘട്ടത്തിൽ നടന്ന വിവിധ പർച്ചേയ്സുകളെ സംബന്ധിച്ച് അന്വേഷണം നടത്തിയതിൽ ആവശ്യത്തിനുപകരിക്കാത്ത വിവിധ ഉപകരണങ്ങൾ പലതും ടെൻഡർ സംബന്ധിച്ച സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് വലിയ വില കൊടുത്തു വാങ്ങിയതായി കണ്ടെത്തി. ഇതിൽ സർക്കാരിന് വലിയ സാമ്പത്തികനഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉദാഹരണമായി വാഹനത്തിന്റെ പുക പരിശോധിക്കാനായി വാങ്ങിയ സ്മോക് മീറ്ററുകൾ ഉപയോഗിച്ച് നാളിതുവരെ ഒരു വാഹനത്തിൻറെ പുകയും പരിശോധിച്ചിട്ടില്ല. വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന പുകയുടെ മലിനീകരണ തോത് കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമാണ് സ്ഫോക് മീറ്റർ. ഇത് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ്റ് വാഹനങ്ങളിൽ ഘടിപ്പിച്ച് വാഹന പരിശോധനക്കും മറ്റ് സർവീസുകൾ നടത്തുവാനും ഉപയോഗിക്കുന്നു. പുക പരിശോധനയിൽ പാസാകാത്ത വാഹനങ്ങൾക്ക് നോട്ടീസ് നൽകി എഞ്ചിൻ ട്യൂൺ ചെയ്ത് വീണ്ടും ഈ വാഹനങ്ങളെ പുക പരിശോധനയിൽ ഹാജരാക്കാൻ നിർദ്ദേശിക്കേണ്ടതും, മോട്ടോർ വാഹനനിയമ പ്രകാരം പിഴ ഈടാക്കണ്ടതുമാണ്.
2000 സി.സി ക്ക് മുകളിലുള്ള എല്ലാ ഡീസൽ വാഹനങ്ങളുടെയും മലിനീകരണത്തോത് കണ്ടെത്താനും സർട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പിടികൂടി സ്മോക് മീറ്റർ ഉപയോഗിച്ച് പുക പരിശോധന നടത്തണം. പരിശോധനയിൽ പാസാകാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹനനിയമ പ്രകാരം പിഴ ഈടാക്കി നൽകാൻ ട്രാൻസ്പോർട്ട് കമീഷണർ എല്ലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർമാർക്കും നിർദേശം നൽകിയിരുന്നു. എന്നാൽ, സുൽത്താൻ ബത്തേരി ജോയിൻറ് റിജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ മാത്രമാണ് 1000 രൂപ പിഴ ഈടാക്കിയത്.
മോട്ടോർ വാഹന നിയമലംഘന ഫീസ് അടക്കാത്തവരെ പ്രോസിക്യൂട്ട് ചെയ്യുക എന്നത് പ്രായോഗികമല്ല. കോമ്പൗണ്ടിങ് ഫീസ് കോടിക്കണക്കിന് രൂപ സർക്കാരിന് ഓരോ ജില്ലയിൽ നിന്നും പിരിഞ്ഞുകിട്ടാനുമുണ്ട്. ഈ സാഹചര്യത്തിൽ ട്രാഫിക് നിയമലംഘനം നടത്തിയതിന് ചുമത്തപ്പെടുന്ന കോമ്പൗണ്ടിംഗ് ഫീസ് അടക്കാതിരിക്കുന്നവരിൽ നിന്നും റവന്യൂറിക്കവറി നടത്തിയോ, ലൈസൻസ് താൽക്കാലികമായി മരവിപ്പിക്കുകയോ ചെയ്ത് കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കണം. അതിന് കഴിയുന്ന തരത്തിൽ അടിയന്തിരമായി നിയമനിർമ്മാണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ ഭരണ വകുപ്പിനോട് റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
നിയമലംഘനത്തിന് ചാർജ് ചെയ്യപ്പെടുന്ന ഒരാൾ കോമ്പൗണ്ടിങ് ഫീസ് അടക്കാതിരിക്കുകയും എപ്പോഴെങ്കിലും ഉടമസ്ഥാവകാശം ഉൾപ്പെടെ മാറ്റാൻ വരുന്നതു വരെ തുക അടക്കാതിരിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. അത് തടയുന്നതിന് കോമ്പണ്ടിങ് ഫീസ്/ഫൈൻ ഇവ അടക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് വൈകുന്ന ആദ്യ മൂന്ന് മാസത്തേക്ക് ഫൈൻ തുകയുടെ 10 ശതമാനവും, ആറ് മാസത്തേക്ക് 20 ശതമാനവും തുടർന്ന് വൈകുന്ന ഓരോ വർഷത്തേക്കും 30 ശതമാനവും ഫൈൻ തുകയിന്മേൽ വർധിപ്പിച്ച് കോമ്പൗണ്ടിങ് ഫീസ് കടിശ്ശിക തിരിച്ചു പിടിക്കാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കാനും റിപ്പോർട്ടിൽ ശിപാർശ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.