തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ കുട്ടികൾക്കെതിരായ റാഗിങ് ആരോപണം തള്ളി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. വിദ്യാലയത്തെ അപകീര്ത്തിപ്പെടുത്താനുണ്ടായ ദുരുദ്ദേശ്യപരമായ ഗൂഢാലോചന തിരിച്ചറിയേണ്ടതും തിരുത്തേണ്ടതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ അധികൃതർ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി.
സ്കൂളുമായി ബന്ധപ്പെട്ടുയർന്ന സംഭവങ്ങളെല്ലാം കേട്ടുകേള്‍വി മാത്രമാണെന്നും തെളിവില്ലെന്നും ബോധ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടികള്‍ക്കുനേരെ ഉപദ്രവം ഉണ്ടായെന്നും പരിക്കേറ്റെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും അധ്യാപകരോ കുട്ടികളോ ഇത്തരമൊരു സംഭവം ഉണ്ടായതായി മൊഴി നല്‍കിയില്ല. കുട്ടികളെ ഉപദ്രവിച്ചെന്ന് പറയുന്ന മുതിർന്ന വിദ്യാർഥികളെ കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ ക്ലാസുകള്‍ തോറും കയറിയിറങ്ങി ശ്രമം നടത്തുകയും വിശദ പരിശോധന നടത്തുകയും ചെയ്തു.
സംഭവദിവസം ഹയര്‍ സെക്കൻഡറി വിഭാഗത്തിലെ രണ്ടു കുട്ടികള്‍ മാത്രമാണ് യൂനിഫോമില്ലാതെ കളര്‍ ഡ്രസില്‍ എത്തിയതായി കണ്ടെത്തിയത്. എന്നാല്‍ ഇവരല്ല ഉപദ്രവിച്ചതെന്ന് കുട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ സ്കൂളിന്റെ മതില് ചാടിക്കടന്നെത്തിയ കളര്‍ ഡ്രസ് ധരിച്ച പെണ്‍കുട്ടികള്‍ ഉപദ്രവമേല്പിച്ച് കടന്നുവെന്നത് ശരിയല്ല. സ്കൂൾ മതിൽ എല്ലാഭാഗത്തും കുട്ടികള്‍ക്ക് ചാടിക്കടക്കാന്‍ കഴിയാത്തവിധം ഉയരക്കൂടുതലുള്ളതാണ്.
സ്കൂളില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകരുള്‍പ്പെടെ അറിയിച്ചത്.
സ്കൂള്‍ അധികൃതര്‍ കൂറേക്കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. സ്കൂളിന്റെ എല്ലാ കോണുകളിലും അധ്യാപകരുടെയും സുരക്ഷ ജീവനക്കാരുടെയും ശ്രദ്ധ മുഴുസമയവും എത്തുന്ന തരത്തില്‍ ചുമതലകള്‍ വിഭജിച്ചുനൽകാൻ പ്രഥമാധ്യാപകരെ ചുമതലപ്പെടുത്തി. സ്കൂളിലെത്തുന്ന അധ്യാപകരും വിദ്യാർഥികളുമല്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് രജിസ്റ്ററുകള്‍ സൂക്ഷിക്കണം.
പ്ലസ് വൺ പ്രവേശന നടപടി പൂർത്തിയായാൽ പി.ടി.എ രൂപവത്കരിക്കണം. കുട്ടികളിലും രക്ഷിതാക്കളിലുമുണ്ടായ ഭീതി ഒഴിവാക്കാൻ കൗണ്‍സലര്‍മാരുടെ സേവനം ഉറപ്പാക്കണം.
ഉപ ഡയറക്ടറും വിദ്യാഭ്യാസ ജില്ല ഓഫിസറും സ്കൂള്‍ സന്ദര്‍ശിക്കുകയും വിഡിയോകളും വോയിസ് ക്ലിപ്പുകളും പരിശോധിക്കുകയും ചെയ്താണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.