ഐ.എസ് കേസ്: ജോർജിയയിൽ പിടിയിലായ പ്രതിക്ക് കഠിനതടവും പിഴയും

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ്സ് (ഐ.എസ്) കേസുമായി ബന്ധപ്പെട്ട് ജോർജിയയിൽ പിടിയിലായ കണ്ണൂർ സ്വദേശി മുഹമ്മദ് പോളക്കാനിക്ക് ഏഴ് വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

‘അൻസാറുൽ ഖലീഫ കേരള’ എന്ന പേരിൽ കണ്ണൂർ കനകമലയിൽ രഹസ്യ യോഗംചേർന്ന് സിറിയയിൽ ഐ.എസിൽ ചേരാൻ ശ്രമിച്ചെന്ന കേസിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞതോടെ വിചാരണ നടപടികളിലേക്ക് കടക്കാതെയാണ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയും യു.എ.പി.എയിലെ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളുമാണ് ചുമത്തിയിരുന്നത്.

വിവിധ വകുപ്പുകളിലായി 38 വർഷത്തെ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് ഏഴ് വർഷം അനുഭവിച്ചാൽ മതി. ജയിലിൽ കിടന്ന കാലം ശിക്ഷ കാലയളവിൽ കുറവ് വരുത്താനും നിർദേശിച്ചിട്ടുണ്ട്. വിധിക്കുശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

സിറിയയിൽ ഐ.എസിൽ ചേരാനാണ് ഇയാൾ ജോർജിയയിൽ എത്തിയതെന്നായിരുന്നു എൻ.ഐ.എയുടെ ആരോപണം. ജോർജിയ-തുർക്കി അതിർത്തിയിൽ അനധികൃതമായി കടക്കാൻ ശ്രമിച്ച ഇയാളെ 2016ൽ ജോർജിയൻ അധികൃതരാണ് പിടികൂടിയത്. തടവുശിക്ഷക്ക് വിധിക്കപ്പെട്ട് അവിടെ ജയിലിലായിരുന്നു.

2020 സെപ്റ്റംബറിൽ ഇന്ത്യയിലേക്ക് നാടുകടത്തി. കോയമ്പത്തൂരിൽ പഠിക്കുമ്പോൾ വിദ്യാർഥികൾക്കും മറ്റും ഇടയിൽ ഐ.എസ് ആശയങ്ങൾ പ്രചരിപ്പിച്ചതായും എൻ.ഐ.എ ആരോപിച്ചു.

കനകമലയിൽനിന്ന് പിടിയിലായവരുമായി ബന്ധപ്പെട്ട കേസിലാണ് മുഹമ്മദ് പോളക്കാനിയെയും പ്രതിചേർത്തിരുന്നത്.

കേസിലെ മറ്റ് പ്രതികളായ മൻസീദ്, സ്വാലിഹ്, റാഷിദ്, സഫ്‌വാൻ, റംഷാദ്, മൊയ്‌നുദ്ദീൻ എന്നിവരെ നേരത്തേ കോടതി ശിക്ഷിച്ചിരുന്നു.

Tags:    
News Summary - Court Awards 7-yr Ri To Accused in is case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.