കോവിഡ് പ്രതിരോധം: പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തും -മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഇടപെടല്‍ ശക്തിപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിന്‍റെ തീരുമാനങ്ങള്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കുന്നു എന്നുറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് ആഴ്ചയില്‍ ഒരുദിവസം മോണിറ്ററിങ്​ നടത്തണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള എക്‌സ്‌ഗ്രേഷ്യ ധനസഹായം അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭ്യമാക്കാൻ ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണം. ഇനിയും അപേക്ഷ നല്‍കാത്തവരുടെ അപേക്ഷകള്‍ ശേഖരിച്ച് അനന്തര നടപടിക്രമങ്ങള്‍ക്കായി സമര്‍പ്പിക്കുകയും അവയില്‍ തുടര്‍ ഇടപെടലുകള്‍ നടത്തുകയും വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍റൂമും റാപ്പിഡ് റെണ്‍സ്‌പോണ്‍സ് ടീമുകളേയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. അവ ഇതുവരെ സജ്ജമാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും വാര്‍ഡുതല ജാഗ്രതാ സമിതികളുടെ യോഗങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചേരണം. സി കാറ്റഗറി ജില്ലകളില്‍ വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടതാണെന്നും മന്ത്രി നിര്‍ദേശിച്ചു.

സി.എഫ്.എല്‍.ടി.സി, ഡി.ഡി.സികള്‍ നടത്താനുള്ള സംവിധാനങ്ങള്‍ മിക്കവാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കണം. ഇത്തരം സംവിധാനങ്ങള്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡുതല ജാഗ്രത സമിതികള്‍ മുഖേന സി.എഫ്.എല്‍.സി.ടി സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്ത് നേരത്തെ ഉണ്ടായിരുന്ന കമ്യൂണിറ്റി കിച്ചനുകള്‍ കോവിഡ് രൂക്ഷത കുറഞ്ഞ കാലയളവില്‍ നിര്‍ത്തലാക്കിയിരുന്നു. ഇപ്പോഴത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കമ്യൂണിറ്റി കിച്ചനോ, ജനകീയ ഹോട്ടലുകളോ മുഖേന രോഗികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ഫലപ്രദമായ ഇടപെടല്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - covid defense: Local intervention will be strengthened: Minister MV Govindan Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.