തിരുവനന്തപുരം: കോവിഡ് -19 ബാധിത രാജ്യങ്ങളിൽനിന്ന് വന്നവരും രോഗികളുമായി സമ്പർക്കം പുലർത്തിയവരുമായ 1116 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലുമാണുള് ളത്.
തൃശൂർ ജില്ലയിലാണ് കൂടുതൽ പേർ (211) നിരീക്ഷണത്തിലുള്ളത്. തൊട്ടുപിറകെ എറണാകുളവും (177) കാസർകോടും (93). 15 പേർ നിരീക്ഷണത്തിലുള്ള വയനാട്ടിലാണ് ഏറ്റവും കുറവ്. സംശയാസ്പദമായവരുടെ 807 സാംപിളുകള്‍ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാംപിളുകൾ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വന്നിട്ടില്ല. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ അടുത്ത ദിവസം മുതൽ സ്രവപരിശോധന തുടങ്ങും.
ഇറ്റലിയിൽനിന്ന് വന്ന പത്തനംതിട്ടയിലെ മൂന്ന് രോഗബാധിതർ 270 പേരുമായി ഇടപഴകിയതായി മന്ത്രി പറഞ്ഞു. ഇതിൽ 95 പേര്‍ അടുത്തിടപഴകിയവരാണ്. കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരു കുട്ടിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ കണ്ണൂര്‍ സ്വദേശിയായ 3 വയസുള്ള കുട്ടിയാണ് എറണാകുളത്ത് കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളത്. ആറ് പേരുടെയും നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ക്കും നിയന്ത്രണമേർപ്പെടുത്തി. പ്രായമായ രണ്ടുപേര്‍ക്ക് വൈറസ്ബാധ സംശയിക്കുന്നുണ്ട്. ഇരുവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.