കോഴിക്കോട്: പ്രതിഷേധക്കാരെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ഡി.ജി.പി ലോക്നാഥ് ബഹ്റയെ ഉപദേശിച്ച് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മുൻ ഡി.ജി.പി വെങ്കിടാചലത്തെ ലോക്നാഥ് ബഹ്റ കണ്ടുപഠിക്കണമെന്ന് കാനം ഉപദേശിച്ചു. മകൻ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരിന് മുന്നിൽ ആർക്കും മുഖം തിരിക്കാൻ കഴിയില്ല. ആ അമ്മയുടെ ദു:ഖം തിരിച്ചറിഞ്ഞ് കേരള പൊലീസ് പ്രവർത്തിക്കണമെന്നും പോസ്റ്റിൽ കാനം ഉപദേശിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പൊലീസ് മേധാവി ശ്രീ. ബഹ്റയോട്.... താങ്കളുടെ കസേരയിൽ മുൻപിരുന്ന ശ്രീ. വെങ്കിടാചലത്തെ താങ്കൾക്ക് പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. പ്രതിപക്ഷ നേതാക്കൾ വെങ്കിടാചലത്തിന്‍റെ ഔദ്യോഗിക വസതിയിലേക്ക് ഒരിക്കൽ മാർച്ച് നടത്തുകയുണ്ടായി. ആ മാർച്ചിൽ പങ്കെടുത്ത ആളുകൾക്ക് ഇരിക്കുന്നതിനുള്ള ഷെഡും കസേരയും കുടിക്കുന്നതിന് വെള്ളവും വായിക്കുന്നതിന് പത്രവും ഒരുക്കി അസാമാന്യമായ പ്രായോഗിക ബുദ്ധിയോടെയാണ് ആ സാഹചര്യത്തെ അദ്ദേഹം നേരിട്ടത്. ഇതിലൂടെ പൊലീസിന്‍റെ മനോവീര്യം ഒട്ടും തകർന്നില്ല എന്ന് മാത്രമല്ല ആരോഗ്യകരമായ മാനസികനിലയിലേക്ക് ഉയരുകയാണുണ്ടായത്. അങ്ങനെയുള്ള പൊലീസ് മേധാവികളും ഈ നാട്ടിൽ ഒരു കാലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.