തൃശൂര്‍: എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറും സി.പി.ഐ തൃശൂര്‍ ജില്ല എക്‌സിക്യൂട്ടിവ് അംഗവും സംസ്ഥാന കണ്‍ട്രോള്‍ കമീഷന്‍ അംഗവുമായ എ.എൻ. രാജൻ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ചൊവ്വാഴ്ച രാവിലെ 8.30ന് മൃതദേഹം വീട്ടിലെത്തിച്ച് 10ന് ചെറുതുരുത്തി പുണ്യതീരത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്കരിക്കും. പൊതുദർശനം ഇല്ലെന്ന് സി.പി.ഐ അറിയിച്ചു. പിറവത്തിനടുത്ത് വടുകുന്നപ്പുഴയില്‍ അമ്പാട്ടുമ്യാലില്‍ വീട്ടില്‍ നാരായണെൻറ മകനാണ്. തൃശൂര്‍ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിവില്‍ എൻജിനീയറിങ്ങില്‍ ഡിപ്ലോമ പാസായ ശേഷം കെ.എസ്.ഇ.ബിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തു. ജോലിയുടെയും ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി തൃശൂർ കോലഴിയില്‍ സ്ഥിരതാമസമാക്കി. വിയ്യൂര്‍ സബ് സ്റ്റേഷൻ സബ് എൻജിനീയറായാണ് വിരമിച്ചത്. ഇലക്ട്രിസിറ്റി കേരള വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറായിരുന്നു.
അഖിലേന്ത്യ ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, ഐ.ടി ആൻഡ് അലൈഡ് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന പ്രസിഡൻറ്, സീതാറാം ടെക്സ്െറ്റെല്‍സ് എംപ്ലോയീസ് യൂനിയന്‍ പ്രസിഡൻറ്, കേരള ലക്ഷ്മി മില്‍ എംപ്ലോയീസ് യൂനിയന്‍ പ്രസിഡൻറ്, കേരള ഫീഡ്‌സ് എംപ്ലോയീസ് യൂനിയന്‍ പ്രസിഡൻറ്, കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് ഫാര്‍മസി വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അപ്പോളോ ടയേഴ്‌സ് വര്‍ക്കേഴ്‌സ് യൂനിയൻ പ്രസിഡൻറായിരുന്നു. ഇ.എസ്.ഐ കേരള റീജനല്‍ ബോര്‍ഡ് അംഗം, ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് മിനിമം വേജസ് കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചു. 2000-2005ല്‍ മുളങ്കുന്നത്തുകാവ് ഡിവിഷനില്‍നിന്ന് തൃശൂര്‍ ജില്ല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള സാങ്കേതിക സര്‍വകലാശാല പ്രഥമ സിന്‍ഡിക്കേറ്റിൽ അംഗമായിരുന്നു.ഭാര്യ: ഡോ. ഗിരിജ (റിട്ട. പ്രഫസര്‍, വൈദ്യരത്‌നം ആയുര്‍വേദ മെഡി. കോളജ്, ഒല്ലൂര്‍). മക്കള്‍: ഹരിരാജന്‍, ശ്രീരാജന്‍. മരുമക്കള്‍: വീണ, ആര്‍ഷ.
അതിരപ്പിള്ളി പദ്ധതിക്കായി വാദിച്ച സി.പി.ഐക്കാരൻ
തൃശൂർ: സി.പി.ഐക്കാരിൽ വേറിട്ട, പ്രായോഗിക രാഷ്ട്രീയക്കാരനായിരുന്നു അന്തരിച്ച എ.എൻ. രാജൻ. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരെ പാർട്ടി സമരമുഖത്ത് നിൽക്കുേമ്പാൾ പദ്ധതി കേരളത്തിെൻറ വൈദ്യുതി മേഖലക്ക് അനിവാര്യമാണെന്നും പരിസ്ഥിതിക്ക് നാശം വരുത്താതെ നടപ്പാക്കണമെന്നുമുള്ള താൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ നിലപാട് അദ്ദേഹം പരസ്യമായി പറഞ്ഞു. പാർട്ടി വേദികളിലും പൊതുവേദികളിലും എ.എൻ. രാജൻ നിലപാട് വ്യക്തമാക്കി. എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെ സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വികസന സെമിനാറിൽ താൻ പ്രതിനിധാനം ചെയ്യുന്ന കെ.എസ്.ഇ.ബി ഫെഡറേഷെൻറ അഭിപ്രായവും പാർട്ടി അഭിപ്രായവും ചേർത്തുവെച്ചായിരുന്നു രാജൻ നിലപാട് വ്യക്തമാക്കിയത്.
തനിക്ക് ബോധ്യമുള്ളത് ആരോടും ഏതുവേദിയിലും തുറന്നുതന്നെ പറയും. അതിരപ്പിള്ളി വിഷയത്തിലെ ചേരിതിരിവ് പാർട്ടി വേദികളിൽ പലപ്പോഴും രാജന് നേതാക്കളുടെ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ കൂടിയാലോചനക്കായി തൊഴിലാളി സംഘടന നേതാക്കളെ ചർച്ചക്ക് വിളിച്ചതിൽ എ.എൻ. രാജൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഏറെ പ്രസക്തമായിരുന്നുവെന്ന് യോഗത്തിനുശേഷം വകുപ്പുതന്നെ വ്യക്തമാക്കിയിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരുടെ സംഘടനക്ക് ദേശീയ കോൺഫെഡറേഷൻ രൂപവത്കരിച്ചത് എ.എൻ. രാജെൻറ നേതൃത്വത്തിലാണ്. ഇപ്പോഴും സംഘടനയുടെ ജനറൽ സെക്രട്ടറിയാണ്. രാജൻ സി.പി.ഐയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നുവെങ്കിലും പാർട്ടി നേതാവായിരിക്കാൻ ഇഷ്ടപ്പെട്ടില്ല. കർമമേഖല തൊഴിലാളികളോടൊപ്പമായിരുന്നു. എ.ഐ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത വിവിധ സംഘടനകളുടെ ഏകോപനവും രാജനായിരുന്നു. സർവിസിൽനിന്ന് വിരമിച്ചശേഷം പൊതുരംഗത്ത് സജീവമായി. തൃശൂർ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.