ബംഗാളില്‍ മമത നടപ്പാക്കുന്ന അക്രമ രാഷ്ട്രീയത്തിന്‍റെ തനിപ്പകർപ്പാണ്​ ത്രിപുരയില്‍ ബിജെപിയും നടത്തുന്നത്‌ -സി.പി.എം

തിരുവനന്തപുരം:സി.പി.എം പോളിറ്റ്‌ ബ്യൂറോ അംഗവും ത്രിപുര മുന്‍മുഖ്യമന്ത്രിയും നിലവില്‍ പ്രതിപക്ഷ നേതാവുമായ മണിക്‌ സര്‍ക്കാരിനുനേരെ ബിജെപി നടത്തിയ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന്​ സി.പി.എം സംസ്ഥാന കമ്മിറ്റി. മണിക്‌ സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന എം.എൽ.എമാരും പാര്‍ടി നേതാക്കളും പരിക്കേറ്റ്‌ ആശുപത്രിയിലാണ്‌. ബി.ജെ.പി സര്‍ക്കാരും പൊലീസും ആക്രമണത്തിന്‌ കൂട്ടുനിന്നു. രാജ്യത്ത്‌ ജനാധിപത്യം തകര്‍ക്കാനും എതിരാളികളെ ഇല്ലാതാക്കാനുമുള്ള ബി.ജെ.പിയുടെ ഗൂഢനീക്കത്തിന്‍റെ ഭാഗമാണ്‌ മണിക്‌ സര്‍ക്കാരിന്‌ നേരെ നടന്ന ആക്രമണമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ പറഞ്ഞു.

''ത്രിപുരയില്‍ അധികാരമേറ്റതുമുതല്‍ സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും ഉന്‍മൂലനം ചെയ്യാനാണ്‌ ബി.ജെ.പി ശ്രമം. ബംഗാളില്‍ മമത നടപ്പാക്കുന്ന അക്രമണോല്‍സുക രാഷ്ട്രീയത്തിന്‍റെ തനി പകര്‍പ്പാണ്‌ ത്രിപുരയില്‍ ബി.ജെ.പിയും നടത്തുന്നത്‌. ശാന്തി ബസാറില്‍ ബി.ജെ.പി ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു മണിക്‌ സര്‍ക്കാര്‍. അദ്ദേഹം എത്തുംമുമ്പേ ബി.ജെ.പി ഗുണ്ടകള്‍ കല്ലും വടിയും കുപ്പികളുമായി അവിടെ തമ്പടിച്ചിരുന്നു. മണിക്‌ സര്‍ക്കാരിന്‍റെ വാഹനം എത്തിയപ്പോള്‍ തടഞ്ഞ്‌ ആക്രമിക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകരും അംഗരക്ഷകരും ഏറെ പണിപ്പെട്ടാണ്‌ അദ്ദേഹത്തേയും മറ്റ്‌ നേതാക്കളെയും രക്ഷിച്ചത്‌. ഈ സമയം പൊലീസ്‌ സ്‌ഥലത്തുണ്ടായിരുന്നുവെങ്കിലും അനങ്ങിയില്ല''.

''ഏറെകാലം മുഖ്യമന്ത്രിയായിരുന്ന മണിക്‌ സര്‍ക്കാരിനു നേരെ ബി.ജെ.പി കാണിക്കുന്നത്‌ ഇതാണെങ്കില്‍ സാധാരണ പ്രവര്‍ത്തകര്‍ നേരിടുന്ന ആക്രമണം വിവരിക്കാവുന്നതിലപ്പുറമാണ്‌. ബംഗാളില്‍ തെരഞ്ഞെടുപ്പ്‌ ഫലത്തിന്‌ ശേഷമുണ്ടായ ആക്രമണങ്ങളെ ദേശവ്യാപകമായ പ്രചാരണായുധമാക്കുന്ന ബി.ജെ.പി ത്രിപുരയില്‍ സ്വന്തം നേതാക്കളും അണികളും ഭരണകൂടത്തിന്‍റെ സഹായത്തോടെ നടത്തുന്ന ഭീകരത മറച്ചുവെക്കുകയാണ്‌. രാജ്യത്ത്‌ ബിജെപിക്കെതിരെ നിലയുറപ്പിക്കുന്ന എല്ലാവരേയും ഇല്ലാതാക്കാനുള്ള ഇത്തരം ശ്രമങ്ങളെ മുഴുവന്‍ പേരും അപലപിക്കാൻ തയ്യാറാകേണ്ടതുണ്ട്'' -വിജയരാഘവൻ പറഞ്ഞു.

Tags:    
News Summary - cpim condemns attack against manik sarkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.