അടിയന്തരാവസ്ഥ മുതൽ പാൻക്രിയാസ് കാൻസർ വരെ; കോടിയേരി താണ്ടിയ ചെങ്കനൽ വഴികൾ

21ാം വയസിൽ അടിയന്തിരാവസ്ഥയെ നേരിട്ട് തടവുകാരനായി. തടവ് നീണ്ടതും 21 മാസങ്ങൾ. കൊടിയേരി ബാലകൃഷ്ണ​െനന്ന പോരാളിയുടെ ജീവിതം അതിൽപ്പിന്നിങ്ങോട്ട് എന്നും പോരാട്ടവഴിയിൽതന്നെയായിരുന്നു. അവസാനം കാൻസർ എന്ന രോഗം ബാധിച്ചപ്പോഴും അദ്ദേഹം തന്റെ പോരാട്ടം അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. 'കാൻസറാണ്, കരഞ്ഞുകൊണ്ടിരിക്കാനാവില്ല'എന്നാണ് അദ്ദേഹം തന്റെ രോഗം കണ്ടെത്തിക്കഴിഞ്ഞശേഷം നൽകിയ ഒരു മാധ്യമ അഭിമുഖത്തിൽ പറഞ്ഞത്. മറ്റുള്ളവരെപ്പോലെ തന്റെ രോഗവിവരങ്ങൾ മറച്ചുവയ്ക്കാനും അ​ദ്ദേഹം തയ്യാറായിരുന്നില്ല. തനിക്ക് മാരകമായ പാൻക്രിയാസ് കാൻസർ ആണെന്ന് അദ്ദേഹം മാധ്യമങ്ങളിലുൾപ്പടെ പറഞ്ഞിരുന്നു. സാധ്യമായ എല്ലാ വഴികളിലൂടെയും ഇതിനെ നേരിടും എന്ന ഉറച്ച ആത്മവിശ്വാസത്തിലുമായിരുന്നു ആ പോരാളി.

തന്റെ എല്ലാ പോരാട്ടങ്ങൾക്കും കരുത്തേകുന്നത് പാർട്ടിയാണെന്ന ഉറച്ച ബോധ്യം എന്നും സഖാവ് കൊടിയേരിബാലകൃഷ്ണന് ഉണ്ടായിരുന്നു. സാമൂഹികമാറ്റത്തിനാണ് പാർട്ടി പോരാടുന്നതെന്ന ഉറച്ച ബോധ്യമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. കോൺഗ്രസ് തറവാടായിരുന്നു കോടിയേരിയിലെ മുട്ടേമ്മൽ വീട്ടിൽനിന്നാണ് ബാലകൃഷ്ണൻ എന്ന കൗമാരക്കാരൻ കമ്യൂണിസത്തിന്റെ കനൽ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയത്. അമ്മാവൻ നാണു നമ്പ്യാരായിരുന്നു ബാലകൃഷ്ണനെ കമ്യൂണിസത്തിലേക്കു കൈപിടിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കെഎസ്എഫ് (കേരള സ്റ്റുഡൻസ് യൂണിയൻ) സംഘടനയിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചു.‌

അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ് അധ്യാപകനായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ടു. അമ്മ കൃഷിപ്പണി ചെയ്തും പശുക്കളെ വളർത്തിയുമാണ് കുടുംബത്തെ നോക്കിയത്. നാലു സഹോദരിമാരുടെ ഇളയ സഹോദരനായതിനാൽ ഏറെ വാൽസല്യം കിട്ടിയാണ് വളർന്നത്. മണി എന്നാണ് അമ്മയും ബന്ധുക്കളും വിളിച്ചിരുന്നത്. പ്രസംഗിക്കാൻ ഏറെ താൽപര്യമായിരുന്നു. അഞ്ചാം ക്ലാസുമുതൽ സ്കൂളുകളിൽ പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി.

കോടിയേരി മാഹി കോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ 1970ലാണ് എസ്.എഫ്.ഐ രൂപീകരിക്കുന്നത് കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ ആദ്യത്തെ ചെയർമാനായി. ഇരുപതാം വയസ്സിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. അന്ന് ജി.സുധാകരനായിരുന്നു സംസ്ഥാന പ്രസിഡന്റ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മിസ നിയമപ്രകാരം വിദ്യാർഥി നേതാക്കൾ അറസ്റ്റിലായി. എം.എ.ബേബി, ജി.സുധാകരൻ, എം.വിജയകുമാർ തുടങ്ങിയവരും പിണറായി വിജയനുമെല്ലാം ജയിലിൽ സഹതടവുകാരായിരുന്നു.

Tags:    
News Summary - CPI(M) leader Kodiyeri Balakrishnan passes away at 68

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.