തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാറും സ്വീകരിച്ച നിലപാടിന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റിെൻറ പൂർണ പിന്തുണ. സർക്കാറിന് പിന്നിൽ സി.പി.എമ്മും എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് ഒരുവീഴ്ചയും വന്നിട്ടില്ല. തെൻറ ഒാഫിസിലെ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉയർന്നപ്പോൾതന്നെ നടപടിയെടുത്തു.മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രചാരണം നടത്തി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ അനുവദിക്കില്ല. മുഖ്യമന്ത്രിക്കുമേൽ പാർട്ടിക്ക് നിയന്ത്രണം നഷ്ടമായിട്ടില്ല. സർക്കാറിെൻറ ദൈനംദിന കാര്യത്തിലല്ല, നയപരമായ കാര്യങ്ങളിലാണ് പാർട്ടി ഇടപെടുന്നത്. എല്ലാക്കാര്യവും പാർട്ടിയുമായി ആലോചിച്ചാണ് മുഖ്യമന്ത്രി തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയുടെ ഒാഫിസിനുമേൽ പാർട്ടിക്ക് നിയന്ത്രണമില്ലാത്ത അവസ്ഥ ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇൗ വിഷയത്തെ സോളാർ കേസുമായി ഉപമിക്കുന്നതിൽ അടിസ്ഥാനമില്ല. സോളാറിൽ ആരോപണവിധേയനായത് അന്നത്തെ മുഖ്യമന്ത്രിയാണ്. ഇരയായ സ്ത്രീ അന്നത്തെ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും എതിരെയാണ് ആരോപണം ഉന്നയിച്ചത്. അത്തരം സംഭവങ്ങൾ ഉണ്ടായില്ല. സർക്കാറിനും സി.പി.എമ്മിനും ഒന്നും മറച്ചുവെക്കാനില്ല. വിവാദ സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ പ്രിൻസിപ്പൽ സെക്രട്ടറിയെ എല്ലാ ചുമതലകളിൽനിന്നും മാറ്റി. വിവാദ സ്ത്രീയുമായി െഎ.എ.എസ് ഉേദ്യാഗസ്ഥൻ പാലിക്കേണ്ട അകലം അദ്ദേഹം പാലിച്ചില്ല.
കള്ളക്കടത്തുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് എൻ.െഎ.എയോ കസ്റ്റംസോ ഇതുവരെ സർക്കാറിനെ അറിയിച്ചിട്ടില്ല. ഒരു സർക്കാറിന് ഇത്തരം പ്രശ്നത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിന് ഉത്തമ ഉദാഹരണമാണിത്. ശിവശങ്കറിെൻറ ബന്ധങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഇൻറലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇൻറലിജൻസ് എ.ഡി.ജി.പിയാണ് റിപ്പോർട്ട് നൽകേണ്ടത്. അത് ലഭിച്ചിരുന്നെങ്കിൽ നടപടി എടുത്തേനേ. സർക്കാറിന് മുകളിൽ പറക്കാൻ ഒരു ഉദ്യോഗസ്ഥനെയും അനുവദിക്കില്ല. ഇപ്പോൾ ആ അവസ്ഥയില്ല. ഇനിയുണ്ടാവുകയില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.