തൃശൂർ: കേന്ദ്രസർക്കാർ ഏജൻസികളുടെ അധികാരമുഷ്കിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് സി.പി.എം തൃശൂർ ജില്ല സെക്രട്ടേറിയറ്റ്. ജില്ല കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടി പ്രതിഷേധാർഹമാണ്. രാഷ്ട്രീയവേട്ടയാണ് നടക്കുന്നത്. മറ്റൊരു വിഷയത്തിൽ ഇ.ഡി വിളിപ്പിച്ച ശേഷം ആദായനികുതി ഉദ്യോഗസ്ഥർ അവിടെയെത്തി ജില്ല സെക്രട്ടറിയെ ചോദ്യം ചെയ്ത നടപടി അസാധാരണമാണ്.
മുൻകൂർ നോട്ടീസില്ലാതെ ഇപ്രകാരം ചെയ്യുന്നത് രാഷ്ട്രീയസമ്മർദത്തിന്റെ ഭാഗമാണ്. തൃശൂർ എം.ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ ജില്ല കമ്മിറ്റിയുടെ അക്കൗണ്ട് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ളതാണ്.
പാർട്ടിയുടെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്ത് ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും സമർപ്പിച്ചതാണ്. ഇത് നിഗൂഢ അക്കൗണ്ടാണെന്നത് കള്ളപ്രചാരണമാണ്. മുൻകൂർ നോട്ടീസ് നൽകാതെയും വിശദീകരണം ആവശ്യപ്പെടാതെയും അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ടീയ ദുഷ്ടലാക്കാണ്.
തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായ ഘട്ടത്തിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ ലഭിച്ചെന്ന് മനസ്സിലാക്കിയാണ് മുന്നണിയെ തകർക്കാൻ ജനാധിപത്യവിരുദ്ധ ശ്രമങ്ങൾ നടത്തുന്നത്. ഇതിനെ നിയമപരമായി നേരിടും.
കേന്ദ്ര ഭരണാധികാരികളുടെ അമിതാധികാര വാഴ്ചയെ പിന്തുണക്കുന്ന നിലപാടാണ് തൃശൂരിലെ കോൺഗ്രസ് നേതൃത്വത്തിന്. കേന്ദ്ര ഏജൻസികളുടെ ഏജന്റെന്ന നിലയിലാണ് എ.ഐ.സി.സി അംഗം അനിൽ അക്കര പ്രവർത്തിക്കുന്നത്.
തെരഞ്ഞെടുപ്പിനെ അമിതാധികാര പ്രയോഗത്താൽ അട്ടിമറിക്കാനുള്ള നീക്കത്തെ ജനങ്ങളെ അണിനിരത്തി ജനാധിപത്യപരമായി നേരിടുമെന്നും ജില്ല സെക്രട്ടറി എം.എം. വർഗീസ് പ്രസ്താവനയിൽ പറഞ്ഞു.
സി.പി.എം തൃശൂര്‍ ജില്ല കമ്മിറ്റിയുടെ പേരിൽ എം.ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ടാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. 5.10 കോടി രൂപ അക്കൗണ്ടിലുള്ളതായാണ് വിവരം. ഈ മാസം ആദ്യം ഈ അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഈ തുക ചെലവഴിക്കരുതെന്നും തുകയുടെ ഉറവിടം അറിയിക്കണമെന്നും നിർദേശിച്ചു. അതേസമയം, ബാങ്കിൽ സി.പി.എമ്മിന്റെ നാല് അക്കൗണ്ടുകളിലായി 9.5 കോടി രൂപയുണ്ടെന്നും പറയപ്പെടുന്നു.
സി.പി.എം തൃശൂര്‍ ജില്ല കമ്മിറ്റി ഓഫിസിനു സമീപമാണ് ബാങ്ക് ഓഫ് ഇന്ത്യ ശാഖ. സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസിനെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായാണ് ആദായനികുതി വകുപ്പ് വെള്ളിയാഴ്ച ബാങ്ക് ശാഖയിൽ റെയ്ഡ് നടത്തിയത്. ഇതിനു പിന്നാലെയാണ് അക്കൗണ്ട് മരവിപ്പിക്കലുണ്ടായത്. ബാങ്ക് അക്കൗണ്ടിലുള്ളത് പാര്‍ട്ടി വെളിപ്പെടുത്താത്ത തുകയാണെന്നും കെ.വൈ.സി വിവരങ്ങൾ കൃത്യമല്ലെന്നും ആദായനികുതി വകുപ്പ് പറയുന്നു.
കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി വിശദ അന്വേഷണം നടത്തിവരുകയാണ്. കരുവന്നൂരിലെ സി.പി.എം അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം ഇ.ഡി റിസർവ് ബാങ്കിനും തെരഞ്ഞെടുപ്പ് കമീഷനും നല്‍കിയിരുന്നു. ഈ മാസം ആദ്യം ഒരു കോടി രൂപ പിൻവലിച്ചതിനെ തുടർന്നാണ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരം ആദായനികുതി വകുപ്പിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.