തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് നയത്തിൽനിന്ന് വ്യത്യസ്തമായി ബംഗാളിലടക്കം കോൺഗ്രസ് സഖ്യനീക്കത്തിന് സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ വിയോജിപ്പുണ്ടാകില്ല.
വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുന്ന രാഷ്ട്രീയ പാർട്ടികളുമായി ധാരണയുണ്ടാക്കുകയും സീറ്റ് വർധിപ്പിക്കുകയും വേണമെന്ന പ്രധാന രാഷ്ട്രീയ ലൈൻ കേന്ദ്രീകരിച്ചാണ് തിരുവനന്തപുരത്ത് ആരംഭിച്ച ത്രിദിന കേന്ദ്ര കമ്മിറ്റിയിലെ ചർച്ചകൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് പ്രധാനമെന്ന് പോളിറ്റ് ബ്യൂറോയിൽ ധാരണയുണ്ടായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയസ്ഥിതി വിലയിരുത്തുന്ന യോഗം കണ്ണൂർ കോൺഗ്രസിൽ സ്വീകരിച്ച രാഷ്ട്രീയ അടവുനയത്തിന് അനുസൃതമായി ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുംവിധം സഖ്യങ്ങൾക്ക് രൂപരേഖ തയാറാക്കും. തമിഴ്നാട്ടിൽ ഇത്തരം സഹകരണത്തോടെ പാർട്ടിക്ക് സീറ്റ് നേടാനായിരുന്നു. ഈ മാതൃക മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും.
കേരളത്തിൽ ബാധിക്കുമെന്നതിനാൽ കോൺഗ്രസ് സഖ്യത്തെ നേരത്തെ ശക്തമായി എതിർത്തിരുന്ന കേരള നേതൃത്വം ഇക്കുറി കാര്യമായ വിയോജിപ്പുയർത്താനിടയില്ല. ദേശീയതലത്തിൽ പരമാവധി സീറ്റ് അക്കൗണ്ടിലുറപ്പിക്കുക പ്രധാനമായതിനാൽ ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ ലൈനിന് പിന്തുണ നൽകാനാണ് സാധ്യത.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചണിനിരത്തുന്ന സംവിധാനമെന്ന നിലയിൽ ഇൻഡ്യ മുന്നണിയെ കുറിച്ചുള്ള പാർട്ടി നിലപാട് കേന്ദ്ര കമ്മിറ്റിയിൽ ആവർത്തിക്കും. നിതീഷ് കുമാർ മുന്നണി വിട്ടതും ബംഗാളിൽ മമത ബാനർജി വിയോജിപ്പുന്നയിച്ചതും കല്ലുകടിയാകുന്ന സാഹചര്യത്തിൽ മുന്നണിയിലെ ഐക്യത്തിനായി സി.പി.എം നിലകൊള്ളും. അതേസമയം ഇൻഡ്യ മുന്നണിക്ക് സംഘടന ഘടനയുണ്ടാക്കുന്നതിനെ പാർട്ടി എതിർക്കും.
കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതും ഗവർണർ ബി.ജെ.പിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നതും യോഗം ചർച്ച ചെയ്തേക്കും. ഈ വിഷയത്തിൽ പ്രസ്താവനക്കും സാധ്യതയുണ്ട്. ഗവർണറുടെ നീക്കങ്ങൾ ഭരണഘടന പദവിക്ക് നിരക്കാത്തതാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.