അമേരിക്കയുമായുള്ള സൈനിക സഖ്യം ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സി.പി.എമ്മും സി.പി.ഐയും

തിരുവനന്തപുരം: ഉഭയകക്ഷി പ്രതിരോധ കരാറുകളിലൂടെ ഇന്ത്യൻ പ്രതിരോധസേനകളെ അമേരിക്കൻ സൈന്യത്തിനും അവരുടെ തന്ത്രപരമായ പദ്ധതികൾക്കും വഴങ്ങാൻ ബാധ്യസ്ഥരാക്കിയെന്ന്‌ സി.പിഎമ്മും സി.പി.ഐയും സംയുക്തപ്രസ്‌താവനയിൽ പറഞ്ഞു. വാർത്താവിനിമയ, ഇലക്‌ട്രോണിക്‌ സംവിധാനങ്ങൾ പരസ്‌പരം കൂട്ടിച്ചേർക്കുന്നത്‌ ഇന്ത്യൻ പ്രതിരോധസംവിധാനത്തിന്‍റെ പരമാധികാരത്തെയും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും പ്രതികൂലമാക്കും. അമേരിക്കൻ നിയന്ത്രിത സാങ്കേതികവിദ്യയിലുള്ള ആയുധങ്ങളെ ആശ്രയിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഉപഗ്രഹസാങ്കേതികവിദ്യ മേഖലയിൽ സഹകരണത്തിനുള്ള കരാർ (ബെക്ക) ഒപ്പിട്ടതോടെ അമേരിക്കയുമായി സൈനികസഹകരണത്തിനുള്ള അടിസ്ഥാന കരാറുകൾ പൂർത്തിയായി. നവംബറിൽ നാല്‌ ക്വാഡ്രീലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്‌ (ക്വാഡ്‌) രാജ്യം പങ്കെടുക്കുന്ന 'മലബാർ നാവികഅഭ്യാസം' നടക്കുമെന്ന്‌ നേരത്തെ പ്രഖ്യാപിച്ചു. ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ചൈനയുമായി ഉണ്ടായ സംഘർഷത്തിന്‍റെ പേരിലാണ്‌ ഈ നടപടികളെ ന്യായീകരിക്കുന്നത്‌. എന്നാൽ, ഇതിനും എത്രയോ മുമ്പ്‌ ഈ കരാറുകൾ അണിയറയിൽ ഒരുങ്ങിയിരുന്നു.

അമേരിക്കയുമായി രൂപംകൊള്ളുന്ന സൈനികസഖ്യം ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തിലും തന്ത്രപരമായ സ്വയംഭരണാവകാശത്തിലും ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യയുടെ ദേശീയതാൽപര്യങ്ങൾക്ക്‌ നിരക്കുന്നതല്ല ഈ നീക്കം. ചൈനയുമായുള്ള അതിർത്തിതർക്കം പരിഹരിക്കാൻ ഏറ്റവും ഉയർന്ന രാഷ്ട്രീയ, നയതന്ത്രതലങ്ങളിൽ കേന്ദ്രസർക്കാർ ചർച്ചകൾ തുടരണം. അമേരിക്കയുടെ ഭൗമ-രാഷ്ട്രീയതന്ത്രങ്ങൾക്ക്‌ ഇന്ത്യ വഴങ്ങേണ്ടതില്ല.

Tags:    
News Summary - cpm cpi condemns military deal with us

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.