കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ച കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽതന്നെ കാറ്റിൽപറന്നു. സി.പി.എം ജില്ല സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിലാണ് മാനദണ്ഡങ്ങൾ സി.പി.എം പ്രവർത്തകരും അണികളും 'കടലിലെറിഞ്ഞത്'. പൊതുയോഗങ്ങൾ ഒഴിവാക്കണമെന്നും അവശ്യസന്ദർഭങ്ങളിൽ പരിപാടികൾ നടത്തുമ്പോൾ ശാരീരിക അകലമടക്കം പാലിക്കണമെന്നുമുള്ള സർക്കാർ നിർദേശവും നടപ്പായില്ല. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസമ്മേളനത്തിൽ കടപ്പുറം കേന്ദ്രീകരിച്ച് റാലിയുണ്ടാകില്ലെന്ന് ജില്ല നേതൃത്വം നേരത്തേ അറിയിച്ചതാണ്. ഓൺലൈൻ വഴി വീടുകളിലും നാട്ടിൻപുറത്തെയും നഗരങ്ങളിലെയും വിവിധ പ്രദേശങ്ങളിലും പിണറായി വിജയന്റെ ഉദ്ഘാടനപ്രസംഗമടക്കം സമ്മേളനനടപടികൾ കാണാൻ സൗകര്യമൊരുക്കിയിരുന്നു.
എന്നാൽ, ആരും വരേണ്ടതില്ലെന്ന് അറിയിച്ചിട്ടും 3000ത്തിലേറെ കസേരകൾ നിരത്തിയിട്ടിരുന്നുവെന്നതാണ് കൗതുകം. പ്രത്യേകം ഏർപ്പാടാക്കിയ ബസുകളിലുൾപ്പെടെയാണ് പ്രവർത്തകരെത്തിയത്. പൊതുസമ്മേളനവേദിയായ ഫ്രീഡം സ്ക്വയറിൽ അകലം പാലിച്ചാണ് ഇരിപ്പിടങ്ങളൊരുക്കിയത്. സദസ്സിലെ മുൻനിരയിൽ സമ്മേളനപ്രതിനിധികൾക്കുള്ള കസേരകളും അകലം പാലിച്ചാണ് നിരത്തിയത്. എന്നാൽ, പ്രവർത്തകർക്കായി ക്രമീകരിച്ച സ്ഥലത്ത് ഈ മാനദണ്ഡങ്ങൾ പാലിക്കാനായില്ല.
മാസ്ക് കൃത്യമായി ധരിക്കാത്തവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കടപ്പുറത്തിനരികിൽ വേലികെട്ടി തിരിച്ച ഭാഗത്ത് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ നിരവധി പേരാണ് തിങ്ങിക്കൂടിയത്. ഇവിടെയും എല്ലാ നിയന്ത്രണങ്ങളും ലംഘിക്കപ്പെട്ടു.
കോഴിക്കോട്: വഖഫ് സംരക്ഷണറാലിയിൽ മുസ്ലിം ലീഗ് നടത്തിയ കടന്നാക്രമണങ്ങൾക്കെതിരെ അതേ വേദിയിൽ മൗനംപാലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം ജില്ല സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ബീച്ചിൽ നടന്ന പൊതുസമ്മേളനത്തിലാണ് പിണറായി ലീഗിനെ വെറുതെ വിട്ടത്. മുസ്ലിം ലീഗ് മലീമസമാക്കിയ വേദിയിലാണ് ഈ പരിപാടി നടക്കുന്നതെന്ന് സ്വാഗതപ്രസംഗകനായ എ. പ്രദീപ് കുമാർ പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി ലീഗ് എന്ന വാക്കുപോലും ഉച്ചരിച്ചില്ല. പൂർവിക നേതാക്കളിലൂടെ കൈമാറിവന്ന രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറയുടെ തീരുമാനത്തെക്കുറിച്ചും പിണറായി പ്രതികരിച്ചില്ല. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അധ്യക്ഷനായിരുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എളമരം കരീം എം.പി, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കെ.എം. സച്ചിൻദേവ്, മേയർ ബീന ഫിലിപ്, ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ, എ. പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.