കോഴിക്കോട്: സി.പി.എം, മുസ്ലിംലീഗ് പാർട്ടികളോട് സ്വീകരിക്കേണ്ട സമീപനത്തെച്ചൊല്ലി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നത മറനീക്കി പുറത്തുവരുന്നു. സമസ്ത മലപ്പുറം ജില്ല സുവർണ ജൂബിലി സമ്മേളനത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രമേയത്തെ തള്ളിയ സംസ്ഥാന അധ്യക്ഷൻ ചൊവ്വാഴ്ച കോഴിക്കോട്ടെ വാർത്തസമ്മേളനത്തിൽ സമസ്തയെ മുസ്ലിംലീഗുമായി ബന്ധിപ്പിക്കുന്നതിലുള്ള നീരസം തുറന്നു പ്രകടിപ്പിച്ചു.
കമ്യൂണിസത്തിനെതിരായ ജില്ല സമ്മേളനപ്രമേയം നിരാകരിച്ച അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ, ലീഗ് സമസ്തയുടേതാണെന്നും സമസ്ത ലീഗിന്റേതാണെന്നുമുള്ള സംഘടനയുടെ ഉപാധ്യക്ഷൻ എം.ടി. അബ്ദുല്ല മുസ്ലിയാരുടെ നിലപാടും തള്ളിക്കളഞ്ഞു. സമുദായത്തിലെ മറ്റു സംഘടനകളോടുള്ള സമീപനത്തിന്റെ കാര്യത്തിലും ഭിന്നസ്വരമുണ്ട്. ശരീഅത്ത് വിവാദകാലത്ത് സമുദായ ഐക്യത്തിന് നേതൃത്വം നൽകിയ പരേതനായ ജനറൽ സെക്രട്ടറി ഇ.കെ. അബൂബക്കർ മുസ്ലിയാരുടെ പാതയിൽനിന്ന് വ്യതിചലിച്ച്, സമുദായത്തിനകത്തെ 'പുത്തൻ ആശയക്കാരാ'ണ് ഏറ്റവും വലിയ ഭീഷണി എന്ന വാദവുമായി ചില നേതാക്കൾ രംഗത്തുവന്നത് സംഘടനയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അതിനിടയിലാണ് പുത്തൻ ആശയക്കാരുടെ പരിപാടിയിൽ പോയി അത് വിജയിപ്പിക്കുന്ന പണി സുന്നികൾ ചെയ്യരുതെന്ന് ജിഫ്രി തങ്ങൾ മലപ്പുറം സമ്മേളനത്തിൽ മുന്നറിയിപ്പു നൽകിയത്. ഇത് മുസ്ലിം ലീഗ് നേതാക്കൾക്കെതിരായാണെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ പാർട്ടിയിൽ ആളെ ചേർക്കലല്ല സമസ്തയുടെ പണിയെന്ന് ചൊവ്വാഴ്ച വാർത്തസമ്മേളനത്തിലും ആവർത്തിച്ചതിലൂടെ നിലപാടിൽ മാറ്റമില്ലെന്ന സന്ദേശമാണ് ജിഫ്രി തങ്ങൾ നൽകുന്നത്.
വഖഫ് വിഷയത്തിൽ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് പരിഹാരമുണ്ടാക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഉയർത്തിക്കാട്ടി പ്രതിഷേധ പരിപാടികളിൽനിന്ന് സമസ്ത പിന്മാറുന്നതായി ജിഫ്രി തങ്ങൾ പ്രഖ്യാപിച്ചത് സി.പി.എം വിധേയത്വമാണെന്ന വിമർശനം സംഘടനപ്രവർത്തകർ സമൂഹമാധ്യമങ്ങളിലുയർത്തിയിരുന്നു. സർക്കാർ ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കാതിരുന്നിട്ടും പ്രതിഷേധിക്കാൻ തയാറാകാത്തതിലും സംഘടനക്കകത്ത് അമർഷമുണ്ട്. വഖഫ് വിഷയത്തിൽ സർക്കാർ നിലപാടിനെ വിമർശിച്ചും സമസ്തക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടും സമസ്ത പോഷകസംഘടനയായ മഹല്ല് ഫെഡറേഷൻ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.