സമരം നടത്തേണ്ടത് എങ്ങനെയെന്ന് സി.പി.എം പഠിപ്പിക്കേണ്ട- വി.ഡി സതീശൻ

തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധവുമായി നടൻ ജോജു ജോർജ് എത്തിയതിന തുടർന്നുണ്ടായ സംഘർഷം ചർച്ച ചെയ്ത് നിയമസഭ. കേരളത്തിൽ അക്രമസമര പരമ്പരകൾ നടത്തിയവരാണ് കോൺഗ്രസ് സമരത്തെ വിമർശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എങ്ങനെ സമരം നടത്തണമെന്ന് സി.പി.എം പഠിപ്പിക്കേണ്ട. കൊച്ചിയിൽ എന്തിനു വേണ്ടിയായിരുന്നു സമരം എന്ന് ജനങ്ങൾ വിലയിരുത്തട്ടെ.

എന്തു സാഹചര്യത്തിലാണ് നടൻ ബഹളമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി അന്വേഷിക്കണം. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് നടൻ മദ്യപിച്ച് ലക്കുകെട്ട് സംസാരിക്കുന്നതായി കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞത്. സി.പി.എമ്മിന്‍റെ സമരത്തിലേക്കാണ് വന്നതെങ്കില്‍ അനുശോചനം നടത്തേണ്ടിവന്നേനെയെന്നും വി.ഡി.സതീശൻ പറഞ്ഞു. ഇന്ധനവില കൂട്ടുമ്പോഴുള്ള അധിക വരുമാനം സബ്സിഡിയായി നല്‍കണം. മീന്‍പിടിത്ത ബോട്ടുകള്‍, ഒാട്ടോ, ടാക്സി എന്നിവക്കും ഇളവ് നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ജോജു ജോർജിനെ കോൺഗ്രസ് നേതാക്കൾ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അന്വേഷിക്കണമെന്നും അടിയന്തര പ്രമേയ ചർച്ചക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സിനിമാ താരത്തെ വഴിതടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാലും ചോദിച്ചു. അതിനുശേഷം ജോജു മദ്യപിച്ചതായി കപട പ്രചാരണം നടത്തുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ഇന്ധന വില വര്‍ധന സഭ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. 

Tags:    
News Summary - CPM should not teach how to strike - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.