അരീക്കോട് (മലപ്പുറം): നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ യു ട്യൂബറെ സി.പി.എം പ്രവർത്തകർ കൈറ്റം ചെയ്തതായി പരാതി. കെട്ടിട പെർമിറ്റ് ഫീസിലെ ഭീമമായ വർധനക്കെതിരെ പരാതിയുമായെത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി മുഹമ്മദ് നിസാറിന് നേരെയാണ് കൈയേറ്റമുണ്ടായത്. കൗണ്ടറിൽ പരാതി നൽകിയതിന് പിന്നാലെ തന്റെ ഫോണും മൈക്കും പ്രവർത്തകർ പിടിച്ചുവാങ്ങിയതായി നിസാർ ആരോപിച്ചു. പരാതിക്കാരെ കൈയേറ്റം ചെയ്യുന്നത് പകർത്തിയ മീഡിയവൺ സംഘത്തെയും സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. റിപ്പോർട്ടർ നന്ദഗോപാൽ, കാമറ പേഴ്‌സൺ ഷിജു ചിറ്റൂർ എന്നിവരെയാണ് തടഞ്ഞത്.
കെട്ടിട നിർമാണാനുമതിക്കുള്ള ഫീസ് വർധിപ്പിച്ച വിഷയത്തിൽ താൻ പരാതി നൽകാൻ പോകുകയാണെന്ന് പറഞ്ഞ് നിസാർ കഴിഞ്ഞ ദിവസം പ്രത്യേക വിഡിയോ ചാനലിൽ അപ്ലോഡ് ചെയ്തിരുന്നു. ‘മുഖ്യമന്ത്രിയെ കാണാൻ നാളെ ചെല്ലുമ്പോൾ എന്റെ കൈയിൽ ഉറപ്പായും ഇതുണ്ടാവും’ എന്ന കുറിപ്പോടെയുള്ള വിഡിയോയിൽ താൻ നൽകാൻ പോകുന്ന പരാതി വായിച്ചു കേൾപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് സി.പി.എം പ്രവർത്തകരെ ചൊടിപ്പിച്ചത്. കൈയേറ്റത്തിനും ഫോണും മൈക്കും തട്ടിയെടുത്തതിനും നിസാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.