തിരുവനന്തപുരം: അഴിമതിക്കാരായ ഉന്നത ഉദ്യോഗസ്ഥരെ മുഴുവൻ സി.പി.ഐക്ക് കീഴിലുള്ള വകുപ്പുകളിൽ കൊണ്ട് തള്ളുകയാണെന്ന് രാഷ്ട്രീയ റിപ്പോർട്ടിന്റെ ചർച്ചക്കിടെ വിമർശനം. സി.പി.ഐ നിർവാഹക സമിതിയംഗം കൂടിയായ പി. പ്രസാദിന് കീഴിലുള്ള കൃഷിവകുപ്പിനെതിരെ രൂക്ഷ വിമർശമുണ്ടായി.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറെ മൃഗസംരക്ഷണ വകുപ്പിന്റെ തലപ്പത്ത് നിയമിച്ചത് ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മിനെതിരെ വിമർശനമുയർന്നത്. ശ്രീറാം വെങ്കിട്ടരാമനെ സി.പി.ഐ വകുപ്പിൽ നിയമിക്കാൻ ശ്രമിച്ചതും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ കൃഷികാർക്ക് ആവശ്യമുള്ള ഒരു ആനുകൂല്യവും ചെയ്തുകൊടുക്കാൻ കഴിയാത്ത കൃഷി വകുപ്പ് എല്ലാവരും കൃഷിയിലേക്ക് വരണമെന്നും മട്ടുപ്പാവ് കൃഷി ചെയ്യണമെന്നും ഗീർവാണമടിക്കുകയാണെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സി.പി.ഐക്ക് എന്നും സർക്കാറിൽ മികവാർന്ന പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നതാണ് കൃഷി വകുപ്പ്. ഇത്തവണ വേറിട്ടൊരു മേന്മ ഉണ്ടായിട്ടില്ല.
എല്ലാവർക്കും ഡിജിറ്റൽ പട്ടയം നൽകാൻ നാല് കൊല്ലം എടുക്കുമെന്ന രാഷ്ട്രീയ റിപ്പോർട്ടിലെ പരാമർശത്തെയും അംഗങ്ങൾ വിമർശിച്ചു. മലയോര ജനത പട്ടയത്തിനായി ഇനിയും എത്രനാൾ കാത്തിരിക്കണമെന്ന് ഇടുക്കിയിൽ നിന്നുള്ള പ്രതിനിധികൾ ചോദിച്ചു. സർക്കാറിന് കീഴിലുള്ള നാല് മിഷനുകൾ വിവിധ വകുപ്പുകളുടേതാണ്. പക്ഷേ, അതിന്റെ നേതൃത്വം മുഴുവൻ മുഖ്യമന്ത്രിയുടെ കൈയിലായി ഒതുങ്ങി. വകുപ്പുകൾക്ക് ലഭിക്കേണ്ട നേതൃപരമായ പങ്ക് ഇല്ലാതാവുന്നു.
ഗവർണർ പദവി:പുനർവിചിന്തനം വേണം
തിരുവനന്തപുരം: ഗവർണർ പദവി, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ എന്നിവയിൽ പുനർ വിചിന്തനം ആവശ്യമെന്ന് സി.പി.ഐ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടണമെന്ന അഭിപ്രായം രാഷ്ട്രീയ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ഉയർന്നതായും അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഭരണഘടന അനുസരിച്ച് നാമമാത്ര ഭരണാധികാരിയായ ഗവർണർ ജനങ്ങൾ തെരഞ്ഞെടുത്ത നിയമനിർമാണസഭ പാസാക്കിയ നിയമങ്ങളിൽ ഒപ്പുവെക്കാത്ത സ്ഥിതി നിലനിൽക്കുന്നുവെന്ന് പ്രമേയം വ്യക്തമാക്കി. ഇതു ജനാധിപത്യത്തിനും ഫെഡറൽ തത്ത്വങ്ങൾക്കും എതിരാണ്. ഭരണഘടനയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരങ്ങളും അവകാശങ്ങളും വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്.
ഫെഡറൽ തത്ത്വങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ അധികാരം സംരക്ഷിക്കപ്പെടണം. എന്നാൽ, സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ സ്വതന്ത്രമായ നിയമനിർമാണങ്ങളും കേന്ദ്ര ഭരണകൂടം തടസ്സപ്പെടുത്തുന്നു. കേന്ദ്ര സർക്കാറിന്റെ പാവയായി ഗവർണർ സംസ്ഥാന നിയമ നിർമാണങ്ങളെ തടസ്സപ്പെടുത്തുന്ന നടപടിയെ പ്രമേയം അപലപിച്ചു. 12 മണിക്കൂറായി ജോലി സമയം വർധിപ്പിക്കാനുള്ള ലേബർ കോഡിനെ ചെറുത്ത് തോൽപ്പിക്കണമെന്നത് ഉൾപ്പെടെ മറ്റു മൂന്നു പ്രമേയങ്ങളും സമ്മേളനം പാസാക്കി.
സർക്കാറിന്റെ പ്രവർത്തനം കുറച്ചുകൂടി മെച്ചപ്പെടണമെന്ന അഭിപ്രായം ചർച്ചയിൽ ഉയർന്നതായി പ്രകാശ് ബാബു പറഞ്ഞു. പുറത്തെ വിവാദങ്ങൾ സമ്മേളനത്തെ ബാധിച്ചിട്ടില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിലും മറ്റു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രവർത്തനം മെച്ചപ്പെടണമെന്ന നിർദേശവുമുണ്ടായി.
നാഷനൽ കൗൺസിലിന്റെ പ്രായപരിധി സംബന്ധിച്ച മാർഗരേഖ നിർബന്ധമല്ലെങ്കിലും കടമയാണെന്നും അദ്ദേഹം പറഞ്ഞു. അതു നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാനങ്ങളും അല്ലാത്തവയുമുണ്ട്. കേരള സംസ്ഥാന കൗൺസിൽ മാർഗരേഖ അംഗീകരിച്ചു. വ്യക്തിപരമായ അഭിപ്രായങ്ങൾ കമ്മിറ്റിയിൽ പറയുന്നത് തെറ്റല്ല. പക്ഷേ, പുറത്ത് പറയണമോയെന്നത് അവരവർ തീരുമാനിക്കട്ടെ.-പ്രകാശ് ബാബു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.