അറബികളുടെയും പറങ്കികളുടെയും കാലം മുതലേ വ്യാപാരത്തിന്‍െറ നാടാണ് കോഴിക്കോട്. കോഴിക്കോട്ടെ വലിയങ്ങാടിയും മിഠായിത്തെരുവും കൊപ്രബസാറുമെല്ലാം ഏറെ പേരുകേട്ടതാണ്. എന്നാല്‍, നോട്ടു പ്രതിസന്ധിയുടെ നാളുകളില്‍ ഈ തെരുവുകളില്‍നിന്ന് ശുഭവാര്‍ത്തകളല്ല കേള്‍ക്കുന്നത്. ക്രിസ്മസും പുതുവര്‍ഷവും കച്ചവട പൂരത്തിന്‍േറതായിരുന്നെങ്കില്‍, ഇക്കുറി  കൈയിലുള്ളത് ആരെങ്കിലും വാങ്ങി കുടുംബം പുലരണേ എന്ന ആഗ്രഹമേയുള്ളൂ കച്ചവടക്കാര്‍ക്ക്. മലപ്പുറത്തുനിന്നും കണ്ണൂരില്‍നിന്നും വയനാട്ടില്‍നിന്നും ഭക്ഷണവും കടല്‍ക്കാറ്റും തേടിയത്തെുന്ന സുഹൃദ് സംഘങ്ങളും ഈ വ്യാപാരത്തെരുവിനെ കൈവിട്ടു. പിടിച്ചുനില്‍ക്കാനുള്ള പെടാപ്പാടിലാണ് എല്ലാവരും. വസ്ത്ര, ചെരിപ്പ്, ഫര്‍ണിച്ചര്‍, ഹോട്ടല്‍ മേഖലകളാണ് ഏറെ പ്രതിസന്ധിയിലായത്.

വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി എന്നിവയില്‍ രജിസ്റ്റര്‍ ചെയ്ത  81000 വ്യാപാരികളാണ് ജില്ലയില്‍ ഉള്ളത്. ഒരു കടയില്‍ മൂന്നു പേര്‍ എന്ന തോതില്‍ രണ്ടര ലക്ഷത്തോളം ജീവനക്കാരുമുണ്ട്. നോട്ട് പ്രതിസന്ധിയോടെ ഇവരില്‍ കാല്‍ഭാഗം തൊഴില്‍രഹിതരായതായി വ്യാപാരി പ്രതിനിധികള്‍ പറയുന്നു. ശേഷിക്കുന്നവരില്‍ പകുതിപേര്‍ പകുതി ദിവസം മാത്രമാണ് ജോലിക്കത്തെുന്നത്. ജോലിചെയ്യുന്നവര്‍ക്കുതന്നെ കൂലി കുറഞ്ഞു.

600 രൂപ കിട്ടിയവര്‍ക്ക് അഞ്ഞൂറ് രൂപയായി. പല കച്ചവട സ്ഥാപനങ്ങളും പൂട്ടി.  ഗ്രാന്‍ഡ് ബസാര്‍, എം.പി. ബസാര്‍, കോയന്‍കോ ബസാര്‍, മിഠായിത്തെരുവ് എന്നിവിടങ്ങളിലായി ഇരുപതോളം കടകള്‍ കഴിഞ്ഞ ആഴ്ച പൂട്ടിയതായി വ്യാപാരി വ്യവസായി ഏകോപനസമിതി സിറ്റി സെന്‍ട്രല്‍ കമ്മിറ്റി  പ്രസിഡന്‍റ് എ.വി.എം. കബീര്‍ പറഞ്ഞു. ഇവിടെയുള്ള 1200ഓളം കടകളിലെ 36000 ജീവനക്കാരില്‍ അഞ്ഞൂറോളം പേര്‍ക്ക് പൂര്‍ണമായി തൊഴില്‍ നഷ്ടപ്പെട്ടു. ഇത്രത്തോളം പേര്‍ തൊഴില്‍ നഷ്ട ഭീഷണിയിലുമാണ്.

വലിയങ്ങാടിയില്‍ 440 കടകളിലായി ഉണ്ടായിരുന്ന 1800 പേര്‍ വ്യാപാര മാന്ദ്യത്തെതുടര്‍ന്ന് 850 ആയി നേരത്തേ ചുരുങ്ങിയിരുന്നു. ഇപ്പോള്‍ 600 പേരായി. 350ഓളമുള്ള ചുമട്ടുകാരില്‍ നൂറുപേര്‍ ഓരോ ദിവസവും അവധിയാണ്. വരുന്നവര്‍ക്ക് 250-300 രൂപയാണ് പ്രതിദിനകൂലി.  70 ലോഡോളം വന്നത് 15 ലോഡായി ചുരുങ്ങി. ജില്ലയിലെ അയ്യായിരത്തോളം ഹോട്ടലുകളില്‍ മുന്നൂറോളം എണ്ണം പൂട്ടിയതായി ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ്  സുഗതന്‍ പറഞ്ഞു. അയ്യായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളില്‍ 1500 പേര്‍ നാട്ടിലേക്ക് മടങ്ങി. ഹൈവേകളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ പലതും ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തി. പാളയം, കല്ലായി എസ്.എം സ്ട്രീറ്റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റെക്സിന്‍ സ്റ്റിച്ചിങ് യൂനിറ്റുകളില്‍ മിക്കതും പ്രവര്‍ത്തനം നിര്‍ത്തി.  കോഴിഫാമുകളില്‍ മുക്കാല്‍ ഭാഗവും അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

ക്രിസ്മസ് വറുതിയില്‍ മുങ്ങും
പ്രതിസന്ധി രൂക്ഷമായതോടെ ക്രിസ്മസും പുതുവര്‍ഷവും വറുതിയില്‍ മുങ്ങുമെന്ന് വ്യാപാരികള്‍ പറയുന്നു. സീസണിന് വേണ്ടി ബംഗളൂരു, ഹരിയാന, ഡല്‍ഹി, അഹ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ഉല്‍പന്നങ്ങള്‍ വാങ്ങാത്തതാണ് കാരണം. സാധനങ്ങള്‍ വാങ്ങിയാല്‍ ആ നഷ്ടവും കൂടി താങ്ങേണ്ടിവരുമെന്ന ഭീതിയിലാണ് കച്ചവടക്കാര്‍. ഗ്രാന്‍ഡ് ബസാറില്‍ 20 ദിവസത്തിലൊരിക്കല്‍ സാധനങ്ങള്‍ എടുക്കാന്‍ പോകുമായിരുന്നത് ഇപ്പോള്‍ നിര്‍ത്തിവെച്ചു.  പ്രതിസന്ധി അറിഞ്ഞതോടെ തുണിമില്ലുകാരും വിളി നിര്‍ത്തി.

കാപ്പി കയറ്റുമതി താഴേക്ക്
കല്‍പറ്റ: നോട്ട് നിരോധനം വയനാടിന്‍െറ പ്രധാന നാണ്യവിളയായ കാപ്പിയുടെ വിപണിയെ തളര്‍ത്തുമെന്ന് ആശങ്ക. ഡിസംബറിലാണ് പ്രധാനമായും കാപ്പി വിളവെടുക്കുന്നത്. അതിനാല്‍തന്നെ ഏറ്റവും കൂടുതല്‍ കാപ്പി വിപണിയിലേക്ക് വരേണ്ട സമയമാണിത്. എന്നാല്‍, വിപണിയില്‍ ചരക്കുമായി വരുന്ന കര്‍ഷകര്‍ക്ക് പണം കൊടുക്കാന്‍ കഴിയാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇത് കാപ്പികയറ്റുമതിയുടെ നട്ടെല്ളൊടിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കുകയെന്ന് ഇന്ത്യയിലെതന്നെ മുന്‍നിര കയറ്റുമതി സ്ഥാപനമായ എമില്‍ ട്രേഡേഴ്സിന്‍െറ ഡയറക്ടര്‍ സാലു പറയുന്നു.

45,000 ടണ്‍ കാപ്പിയാണ് ജില്ലയിലെ ശരാശരി വാര്‍ഷിക ഉല്‍പാദനം. ഇതില്‍ 85 ശതമാനവും കയറ്റുമതി ചെയ്യുകയാണ്. എന്നാല്‍, നോട്ട് ക്ഷാമം കാരണം കൂടുതല്‍ കാപ്പി വാങ്ങി സ്റ്റോക്ക് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ നെസ്ലേ പോലുള്ള കുത്തക കമ്പനികളുടെ വലിയ ഓര്‍ഡറുകളെടുക്കാന്‍ സാധിക്കുന്നില്ളെന്ന് കയറ്റുമതി മേഖലയിലെ വ്യാപാരികള്‍ പറയുന്നു.  ഉല്‍പന്നത്തിന്‍െറ വില രൂപയായി നല്‍കാന്‍ സാധിക്കാത്തതുമൂലം കര്‍ഷകരും വ്യാപാരികളും ഒരുപോലെ പ്രയാസപ്പെടുകയാണ്. ചെക്ക് വാങ്ങാന്‍ കര്‍ഷകര്‍ തയാറാവുന്നില്ല. 2000 രൂപയുടെ നോട്ടും ആരും വാങ്ങാതായെന്ന് വ്യാപാരികള്‍ പറയുന്നു.

പണിയെടുത്തിട്ടും കാശില്ല; തോട്ടം മേഖലയില്‍ അരക്ഷിതാവസ്ഥ
തൊടുപുഴ: പട്ടിണിമാറ്റാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തേനിയില്‍നിന്ന് പണി തേടി ഇടുക്കിയില്‍ വന്നതാണ് രാമസ്വാമി. വണ്ടിപ്പെരിയാര്‍ മേഖലയില്‍ പ്രമുഖ കമ്പനിയുടെ തേയിലത്തോട്ടത്തില്‍ ജോലിക്കാരനായി. കിട്ടുന്നതുകൊണ്ട് അന്നന്നത്തെ അന്നം കണ്ടത്തെി ജീവിതം തള്ളിനീക്കി.  അതിനിടെയാണ് രാമസ്വാമിയുടെ പ്രതീക്ഷകളത്രയും തകര്‍ത്ത് നോട്ട് പ്രതിസന്ധി എത്തിയത്. പകല്‍ മുഴുവന്‍ പണിയെടുത്തിട്ടും കൈയില്‍ കാല്‍ കാശില്ല. ശമ്പളം കിട്ടിയിട്ട് രണ്ട് മാസമായി. പണം കിട്ടാതായതോടെ പറ്റുകടക്കാരന്‍ കടം കൊടുക്കാതായി. തമിഴ്നാട്ടില്‍ പഠിക്കുന്ന മകന്‍െറ ഹോസ്റ്റല്‍ ഫീസ് മുടങ്ങി. ഇപ്പോള്‍ പല ദിവസങ്ങളും പട്ടിണിയിലാണ്. എല്ലാം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതിനെക്കുറിച്ച ആലോചനയിലാണിപ്പോള്‍ അദ്ദേഹം.

ഒന്നര മാസത്തിനിടെ ഇതരസംസ്ഥാനക്കാരായ 150ഓളം തൊഴിലാളികളാണ് വണ്ടിപ്പെരിയാര്‍ മേഖലയില്‍നിന്ന് മാത്രം സ്വദേശത്തേക്ക് മടങ്ങിയത്. മൂങ്കലാര്‍, വാളാര്‍ഡി, തെങ്കര, ആനക്കുഴി, ഡൈമുക്ക്, മൗണ്ട് കോഴിക്കാനം, തങ്കമല, ലാഡ്രം എന്നിവിടങ്ങളിലെ എസ്റ്റേറ്റുകളില്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയതിന് പിന്നാലെയാണ് നോട്ട് പ്രതിസന്ധി വന്നത്. ആഴ്ചയില്‍ കിട്ടുന്ന 300 രൂപ ചെലവുകാശ് കൊണ്ടാണ് തൊഴിലാളികള്‍ നിത്യവൃത്തി കഴിഞ്ഞിരുന്നത്. പല കമ്പനികളും അത് ബാങ്ക് അക്കൗണ്ട് വഴിയാക്കി. പലര്‍ക്കും അക്കൗണ്ടില്ല. അക്കൗണ്ടുള്ളവര്‍ക്കാകട്ടെ പണമെടുക്കണമെങ്കില്‍ 25 കിലോമീറ്റര്‍ യാത്ര ചെയ്ത് നല്ളൊരു തുക ചെലവാക്കണം. മാത്രമല്ല, ബാങ്കില്‍ പോകുന്ന ദിവസം ജോലി മുടങ്ങുന്നതിനാല്‍ ഒരു ദിവസത്തെ ശമ്പളവും നഷ്ടം. തോട്ടങ്ങളില്‍ എ.ടി.എം സൗകര്യമുണ്ടാകുന്നതുവരെ ബാങ്ക് അക്കൗണ്ട് എടുക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കരുതെന്നാണ് പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റിയുടെ നിര്‍ദേശം.

തയാറാക്കിയത്: കെ.എം. റഷീദ്, പി.പി. കബീര്‍
(തുടരും)

Tags:    
News Summary - currency crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.