തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റും സർക്കാർ സ്ഥാപനമായ സി-ആപ്റ്റും തമ്മിെല പാർസല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി കസ്റ്റംസ് വീണ്ടും. കോണ്‍സുലേറ്റില്‍നിന്നുള്ള പാർസല്‍ സി-ആപ്റ്റില്‍ എത്തിച്ചപ്പോള്‍ വാങ്ങിച്ചവരും എടപ്പാളിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചവരുമായ ജീവനക്കാരില്‍നിന്ന് ഇന്ന് മൊഴിയെടുക്കും.
കഴിഞ്ഞയാഴ്ച കസ്റ്റംസ് സി-ആപ്റ്റില്‍ എത്തിയപ്പോള്‍ സ്ഥലത്തില്ലാതിരുന്ന ജീവനക്കാരെയാണ് തലസ്ഥാനത്തെ കസ്റ്റംസ് ഓഫിസിലേക്ക് വിളിപ്പിച്ചത്. പാർസല്‍ കൊണ്ടുപോയ ലോറിയുടെ ലോഗ്ബുക്ക് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. സി-ആപ്റ്റിലെ അച്ചടിസാമഗ്രികള്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ നിയമവിരുദ്ധമായാണ് കോണ്‍സുലേറ്റിെൻറ പാർസല്‍ കൊണ്ടുപോയതെന്നാണ് അന്വേഷണസംഘത്തിൽനിന്ന് ലഭിക്കുന്ന വിവരം. മന്ത്രി കെ.ടി. ജലീലാണ് സി-ആപ്റ്റ് ചെയർമാൻ.
കോൺസുലേറ്റിൽനിന്ന് രണ്ട് വാഹനങ്ങളിലായാണ് പാക്കറ്റുകള്‍ വന്നത്. ഒരു വാഹനത്തില്‍ മതഗ്രന്ഥമായിരുന്നു. 62 വീതം വരുന്ന 32 ബണ്ടിലുകളാണ് ഇതിലുണ്ടായിരുന്നത്. മറ്റേ വാഹനത്തിൽ ചില ലഘുലേഖകളാണെന്നും സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിരുന്നതായി ജീവനക്കാർ നേരത്തേ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. അങ്ങനെെയങ്കിൽ രണ്ടാമത്തെ ബണ്ടിലിൽ രാജ്യവിരുദ്ധ ലഘുലേഖകളോ സ്വര്‍ണമോ ആയിരിക്കാമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംശയം.
കൂടാതെ, വിശുദ്ധഗ്രന്ഥം കേരളത്തിൽ സുലഭമായി കിട്ടുമ്പോൾ പുറമെനിന്ന് എത്തിച്ചതിലും അന്വേഷണസംഘത്തിന് സംശയമുണ്ട്. കോൺസുലേറ്റിലെയും സി-ആപ്റ്റിലെയും സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
പാക്കറ്റുകൾ എടപ്പാളിൽ എത്തിക്കാൻ സി-ആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് മേൽനോട്ടം വഹിച്ചത്. ഉന്നതതല നിർദേശത്തെ തുടർന്നാണ് ഇയാൾ പാർസൽ എത്തിക്കാൻ നേതൃത്വം നൽകിയതെന്നാണ് ജീവനക്കാർ പറയുന്നത്. ഇയാളുടെ നിയമനം സംബന്ധിച്ച് നേരത്തേയും ആരോപണങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.