സി.ഡബ്ല്യു.സി അഭിമുഖം; പാർട്ടി 'റാങ്ക് ലിസ്റ്റ്' പുറത്ത്

മലപ്പുറം: സി.ഡബ്ല്യു.സി അംഗങ്ങളെ നിയമിക്കുന്നതിന് കഴിഞ്ഞ 23ന് പൂർത്തിയായ അഭിമുഖത്തിൽ പാർട്ടി തയാറാക്കിയ 'റാങ്ക് ലിസ്റ്റ്' പുറത്ത്. മലപ്പുറം, വയനാട്, ആലപ്പുഴ, കാസർകോട് ജില്ലകളിലെ ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) ചെയർമാനടക്കം അഞ്ച് അംഗങ്ങളെ തെരഞ്ഞെടുക്കാനായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച അഭിമുഖം നടത്തിയത്. സി.പി.എമ്മുമായോ അഡ്വക്കറ്റ്സ്, അധ്യാപക സംഘടനകളിൽ അംഗങ്ങളായവരുടെയോ പട്ടികയാണ് കൈമാറിയത്.

മലപ്പുറം ജില്ലയിൽ വേങ്ങര സ്വദേശിനിയായ അധ്യാപിക, മലപ്പുറത്തുനിന്നുള്ള പാർട്ടി അനുഭാവി, പൊന്നാനിയിൽ ലോക്കൽ സെക്രട്ടറിയായ അഭിഭാഷകൻ, കോട്ടക്കൽ സ്വദേശിയായ അഭിഭാഷകൻ, കാടാമ്പുഴ സ്വദേശിയും മാറാക്കര പഞ്ചായത്ത് മുൻ അംഗവുമായ അഭിഭാഷകൻ എന്നിവരെയാണ് പാർട്ടി 'കൈമാറിയ' പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ജില്ലയിലെ സി.ഡബ്ല്യു.സി അഭിമുഖത്തിന് 24 പേരാണ് ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നത്. വയനാട്, കോഴിക്കോട്, കാസർകോട്, ആലപ്പുഴ ജില്ലകളിൽ സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂനിയൻ അംഗങ്ങളെയാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആലപ്പുഴയിൽ 33 പേരും വയനാട് 14 പേരും കാസർകോട്ട് 17 പേരുമാണ് അഭിമുഖത്തിൽ പങ്കെടുത്തിരുന്നത്. പാർട്ടി കൈമാറിയ പട്ടികയിലെ പലരും ടി.വി. അനുപമ വനിത ശിശു വികസന ഡയറക്ടറായ സമയത്ത് അഭിമുഖത്തിൽ യോഗ്യതയില്ലെന്ന് കണ്ടെത്തിയവരായിരുന്നു.

കുട്ടികളുടെ മേഖലയിൽ പ്രവർത്തിച്ചുള്ള പരിചയമില്ലാത്തവർക്ക് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അംഗങ്ങളാകുന്നതിൽ ശിശു സംരക്ഷണ മേഖലകളിൽനിന്നുതന്നെ എതിർപ്പുണ്ട്. 14 ജില്ലകളിലേയും ചൈൽഡ് വെൽഫെയർ കമ്മിറ്റികളുടെ കാലാവധി മാർച്ച് 31ഓടെ അവസാനിച്ചിരുന്നു. കുട്ടികളുടെ പരിചരണം, സംരക്ഷണം, ചികിത്സ, പുനരധിവാസം എന്നിവക്കുള്ള കേസുകൾ തീർപ്പാക്കാനുള്ള അധികാരം കമ്മിറ്റിക്കാണ്.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് എല്ലാ ജില്ലകളിലും ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ രൂപവത്കരിക്കുന്നത്. എല്ലാ ജില്ലകളിലും സി.ഡബ്ല്യു.സി അടുത്ത മാസത്തോടെ ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - CWC Interview CPM Rank List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.