കൊച്ചി: ലോക്ഡൗൺ നീക്കിയതിനുപിന്നാെല റോഡരികിൽ ബിരിയാണി കച്ചവടത്തിനിറങ്ങിയ ട്രാൻസ് യുവതി സജ്ന ഷാജിക്ക് കഴിഞ്ഞ ദിവസങ്ങൾ വേദനയുടെയും കണ്ണീരിെൻറയുമായിരുന്നു. എറണാകുളം ഇരുമ്പനത്തെ വഴിയോരത്ത് ബിരിയാണിയും ഊണും വിറ്റ സജ്നയുടെയും സുഹൃത്തുക്കളുടെയും നേെര ചിലർ ഉപദ്രവവും ശല്യവുമായി വന്നതോടെയാണ് ദുരിതം തുടങ്ങിയത്.
ചിലർ തൊട്ടരികിൽതന്നെ ബിരിയാണി കച്ചവടത്തിനെത്തി. സജ്നയുടെ ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത് കച്ചവടം മുടക്കി. പൊലീസിനെ സമീപിച്ചെങ്കിലും അവരും കൈവിട്ടു. ഇതോടെ ഫേസ്ബുക്ക് ലൈവിലൂടെ സജ്ന സങ്കടക്കെട്ട് തുറന്നുവിട്ടു.
ലൈവ് വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. സിനിമാതാരങ്ങളും സാമൂഹികപ്രവർത്തകരും ട്രാൻസ് ആക്ടിവിസ്റ്റുകളുമുൾെപ്പടെ നൂറുകണക്കിനാളുകൾ ഒപ്പം നിന്നു. വാർത്തയായി. മന്ത്രി കെ.കെ. ശൈലജ, നടൻ ജയസൂര്യ തുടങ്ങിയവർ ഇടപെട്ടു. സജ്നയെ ഫോണിൽ വിളിച്ച് ജയസൂര്യ കട തുടങ്ങാൻ സഹായിക്കാമെന്ന് ഉറപ്പുനൽകി. സർക്കാർ ഇടപെടലിന് പിന്നാലെ എരൂർ സ്വദേശിയായ ഗിരീഷിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തു.
സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബാ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവരും വിഷയത്തിലിടപെട്ടതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ, ഇതിനു പിന്നാലെയും കച്ചവടസ്ഥലത്ത് ഉദ്യോഗസ്ഥർ തടയുന്ന രംഗങ്ങളുമായി സജ്ന ലൈവിലെത്തിയിരുന്നു. തുടർന്ന്, മന്ത്രി ജില്ല കലക്ടറെ വിളിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകി. അക്രമത്തിൽ യുവജനകമീഷൻ സ്വമേധയാ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.