കൊല്ലങ്കോട്: മുതലമട കുറ്റിപ്പാടത്ത് അഗ്നിക്കിരയായ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സുമയുടെ മരണകാരണം ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംസാരശേഷിയില്ലാത്ത സുമ (25) എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം കത്തിയമർന്ന വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടവും ശാസ്ത്രീയ പരിശോധന റിപ്പോർട്ടും ലഭിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു.
മുതലമട കുറ്റിപ്പാടം മണലിയിൽ കൃഷ്ണൻ-രുഗ്മിണി ദമ്പതികളുടെ മകളാണ് ഊമയും ബധിരയുമായ സുമ. ഇവരുടെ ഇരട്ടപ്പെൺകുട്ടികളിലൊരാളാണ്. അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് സുമയുടെ മരണം. അച്ഛനുമമ്മയും സഹോദരനും പുറത്തു പോയ സമയത്താണ് ദുരന്തം. ഈ സമയം വീട്ടിൽ സുമ തനിച്ചായിരുന്നു. തീയും പുകയും പടരുന്നതു കണ്ട നാട്ടുകാരാണ് ആദ്യം എത്തിയത്. പിന്നീട് മടങ്ങിയെത്തിയ കൃഷ്ണനാണ് മകൾ വീട്ടിനകത്തുണ്ടെന്ന് നാട്ടുകാരെ അറിയിച്ചത്. അപ്പോഴേക്ക് വീട് പൂർണമായും കത്തിയമർന്നിരുന്നു.
വീടിന്റെ വാതിലുകൾ അകത്തു നിന്ന് അടച്ച നിലയിലായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കാനുള്ള പ്രധാനകാരണം അതാണ്. തീപിടുത്തത്തിൽ വയറിങ്ങും ഇലക്ട്രിക് ഉപകരണങ്ങളും അഗ്നിക്കിരയായിട്ടുണ്ടെങ്കിലും ഷോർട് സർക്യൂട്ട് അല്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ റിപ്പോർട്ട്.
കൊല്ലങ്കോട്: കുറ്റിപ്പാടം മണലിയിൽ പൊള്ളലേറ്റു മരിച്ച സുമയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിക്കണമെന്ന് നെന്മാറ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു. മരിച്ച യുവതിയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും വിജയകൃഷ്ണൻ വീട്ടിലെത്തി ആശ്വസിപ്പിച്ചു. വീട് കത്തിയതിനെ തുടർന്ന് കല്യാണത്തിനായി സൂക്ഷിച്ച ആറ് പവൻ സ്വർണാഭരണം, 25000 രൂപ, റേഷൻ കാർഡ്, ആധാർ കാർഡ്, സ്ഥലത്തിെൻറ പട്ടയം, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവ കത്തിനശിച്ചിരുന്നു. റവന്യു വകുപ്പ് കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നും സി.എൻ. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.