കൊച്ചി: സ്വര്‍ണക്കടത്ത് കേസലെ പ്രതി സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന പരാതി അന്വേഷിക്കുമെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്. ദിക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജിക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും ഡി.ജി.പി അറിയിച്ചു. കേസിൽ ഉള്‍പ്പെട്ട ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് തന്നെ ജയിലില്‍ വന്നു കണ്ട് ചിലര്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് ചൊവ്വാഴ്ച കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം.
ജീവന് ഭീഷണിയെന്ന ആരോപണത്തെ തുടർന്ന് സ്വപ്നക്ക് പ്രത്യേക സുരക്ഷയൊരുക്കിയതായി ജയിൽ അധികൃതർ വ്യക്തമാക്കി. ഒരു വനിത ഗാർഡ് സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറുമുണ്ടാകും. ജയിലിന് പുറത്ത് കൂടുതൽ സായുധ പൊലീസിനെയും വിന്യസിച്ചു. ജീവന് ഭീഷണിയുള്ളതിനാല്‍ ജയിലില്‍ സുരക്ഷ വേണമെന്ന സ്വപ്നയുടെ ഹര്‍ജി കോടതി അംഗീകരിക്കുകയും സ്വപ്നക്ക് സുരക്ഷയൊരുക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
അതേസമയം, സ്വപ്ന സുരേഷിന്‍റെ അന്വേഷണം ജയിൽവകുപ്പ് നിഷേധിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ ജയിലിനുള്ളിൽ കണ്ടിട്ടില്ലെന്നാണ് ജയിൽ വകുപ്പ് വ്യക്തമാക്കുന്നത്. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ ഇതുവരെ പാർപ്പിച്ചിരുന്നത്.
കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നുമായിരുന്നു സ്വപ്നക്ക് ലഭിച്ച ഭീഷണി. എന്തെങ്കിലും വിവരങ്ങൾ പുറത്തുവിട്ടാൽ കുടുംബത്തെയും ജയിലിനകത്തു വച്ച് തന്നെയും ഇല്ലാതാക്കാൻ കഴിവുള്ളവരാണു തങ്ങളെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.