തിരുവനന്തപുരം: വാക്സിൻ സ്വീകരിച്ചവരടക്കം പേവിഷബാധയേറ്റ് മരിക്കുന്ന സംഭവത്തിൽ ആശങ്കക്കൊപ്പം വിവാദവും പുകയുന്നു. പേവിഷബാധക്കെതിരെ മുമ്പ് നൽകിവന്നിരുന്ന മസിലിലെ കുത്തിവെപ്പ് രീതിയായ ഇൻട്രാ മാസ്കുലാർ റാബിസ് വാക്സിനേഷന് പകരം 1989 ന് ശേഷം നടപ്പാക്കിയ തൊലിക്കിടയിൽ നൽകുന്ന ഇൻട്രാഡെർമൽ റാബിസ് വാക്സിനേഷൻ രീതിയാണ് വിവാദങ്ങൾക്ക് ഇടനൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പിനുള്ളിൽതന്നെ ഇക്കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. അതേസമയം, 100 ശതമാനം ഫലപ്രാപ്തിയുള്ള ആൻറി റാബിസ് വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധയുണ്ടായി ആൾക്കാർ മരിക്കുന്നത് ഇപ്പോൾ വാക്സിൻ സ്വീകരിച്ചവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ ആശങ്കക്ക് ഏതൊരു അടിസ്ഥാനവുമില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.വി. രാജു 'മാധ്യമ'ത്തോട് പറഞ്ഞു. വളരെ സൂക്ഷ്മതയോെടയാണ് ഇൻട്രാഡെർമൽ റാബിസ് വാക്സിനേഷൻ നൽകുന്നത്. അതുവളരെ ഫലപ്രദമായ വാക്സിനുമാണ്. കടിയേറ്റ് സമയം വൈകിയാണ് വാക്സിൻ സ്വീകരിക്കുന്നതെങ്കിൽ അപകടസാധ്യതയേറും. എന്നാൽ, വാക്സിൻ സ്വീകരിച്ചവരിലെ മരണങ്ങൾ സംബന്ധിച്ച് പരിശോധന വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഇതുവരെ പേവിഷബാധ സ്ഥിരീകരിച്ച പത്തിൽ പത്തുപേരും മരിച്ചെന്നതാണ് ഗൗരവം കൂട്ടിയിരിക്കുന്നത്.
ഒന്നുകിൽ വാക്സിനിലെ ഗുണമേന്മ പ്രശ്നങ്ങളോ അതല്ലെങ്കിൽ വാക്സിനേഷൻ നൽകുന്നതിലെ സാങ്കേതിക പിഴവോ ആണ് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തൊലിക്കിടയിൽ കുത്തിവെക്കുന്ന ഇൻട്രാഡെർമൽ റാബിസ് വാക്സിനേഷൻ രീതി ഫലപ്രാപ്തി സംബന്ധിച്ച് ആധികാരിക പഠനമില്ലാതെയാണ് നടപ്പാക്കിയതെന്ന് ഒരുവിഭാഗം വാദിക്കുന്നു. മുറിവിെൻറ ആഴവും സ്ഥലവും റാബിസ് വാക്സിനേഷന് അതിപ്രധാനമാണ്. അതിന് ചെറിയ അളവിൽ തൊലിക്കിടയിൽ നൽകുന്ന വാക്സിൻ രീതി ഫലപ്രദമാകില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ, ഇൻട്രാഡെർമൽ റാബിസ് വാക്സിനേഷൻ നൽകുന്നവരിൽ മുറിവിെൻറ ആഴവും ഇടവും പരിശോധിച്ച് ഇമ്യൂണോഗ്ലോബുലിനും നൽകിവരുന്നുണ്ടെന്ന് മറുവിഭാഗം വാദിക്കുന്നു. റാബിസ് മരണങ്ങൾ കൂടുന്ന സാഹചര്യത്തിൽ വാക്സിനേഷനും ഇമ്യൂണോഗ്ലോബുലിനും പുറമെ മറ്റ് മരുന്നുകൾകൂടി നൽകണോ എന്ന കാര്യവും പഠനവിധേയമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.