തിരുവനന്തപുരം: കണ്ടക്ടർമാരടക്കമുള്ളവർക്ക് പെട്രോൾ പമ്പിൽ നിർബന്ധിത നിയമനം ഉൾപ്പെടെ കെ.എസ്.ആർ.ടി.സി ശമ്പളപരിഷ്കരണ കരാറിലെ വിവാദ വ്യവസ്ഥകൾ റദ്ദാക്കാൻ ഗതഗാതമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനം. കെ.എസ്.ആർ.ടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്‍റണി രാജു യോഗത്തിൽ ഉറപ്പു നൽകി.
ശമ്പളപരിഷ്കരണ കരാറിന്‍റെ കരടിൽ യൂനിയനുകളുടെ എതിർപ്പ് മൂലം ഉപേക്ഷിച്ച വ്യവസ്ഥകളും അംഗീകരിക്കാത്ത വിഷയങ്ങളും ഉൾപ്പെട്ടത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കരാർ ഒപ്പിടാൻ വിസമ്മതിച്ച യൂനിയനുകളെ വീണ്ടും സർക്കാർ ചർച്ചക്ക് വിളിച്ചത്. ഇന്നത്തെ ചർച്ചയിൽ തീരുമാനിച്ച മാറ്റങ്ങൾ കരാറിന്‍റെ കരടിൽ ഉൾപ്പെടുത്തും. തുടർന്ന് നാളെ മന്ത്രി തലത്തിൽ ചർച്ച പൂർത്തീകരിച്ച് താമസം കൂടാതെ കരാർ ഒപ്പിടാമെന്നുള്ള തീരുമാനത്തിലാണ് യോഗം അവസാനിച്ചത്.
മാസം 20 ഡ്യൂട്ടിയുള്ളവർക്കേ ശമ്പളം നൽകൂ എന്നതടക്കമുള്ള വ്യവസ്ഥകളായിരുന്നു കരടിൽ ഉൾപ്പെടുത്തിയത്. യൂനിയനുകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ഇവ മാറ്റിയത്. 18 ദിവസം ജോലിയെടുത്തയാളിന് രോഗമോ അപകടമോ മൂലം തുടർദിവസങ്ങളിൽ ഡ്യൂട്ടിക്ക് ഹാജരാകാൻ കഴിഞ്ഞില്ലെങ്കിൽ ആ മാസത്തെ ശമ്പളം നഷ്ടപ്പെടുമെന്നായിരുന്നു വിവാദ വ്യവസ്ഥ.
കണ്ടക്ടർമാരടക്കം ജൂനിയറായ ജീവനക്കാരെ പെട്രോൾ പമ്പുകളിലേക്ക് ആവശ്യമെങ്കിൽ നിർബന്ധിത സ്വഭാവത്തിൽ നിയമിക്കാമെന്നതായിരുന്നു മറ്റൊരു വിവാദ വ്യവസ്ഥ. നിലവിൽ താൽപര്യമുള്ളവരെയാണ് ഈ ഡ്യൂട്ടിയിലേക്ക് മാറ്റുന്നത്. ഈ 'താത്പര്യം തേടൽ' പരിഗണിക്കാതെ പി.എസ്.സി വഴി കണ്ടക്ടർമാരായി എത്തിയവരെ പമ്പുകളിൽ നിയമിക്കാനായിരുന്നു നീക്കം.
ആശ്രിത നിയമനത്തിനു പകരം കോമ്പൻസേഷൻ നൽകാനുള്ള നീക്കമായിരുന്നു മറ്റൊന്ന്. ഇതും ഇന്ന് നടന്ന ചർച്ചയിൽ പിൻവലിക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.