പയ്യന്നൂർ: പി.ടി. തോമസ് എം.എൽ.എക്കെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസ് ഫയലിൽ സ്വീകരിച്ചു. 2021 മേയ് നാലിന് എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ എം.എൽ.എ ഉന്നയിച്ച ആരോപണമാണ് പരാതിക്ക് അടിസ്ഥാനം.
സംസ്ഥാനത്തെ മെഡിക്കൽ ഓക്സിജെൻറ കുത്തക വിതരണാവകാശം മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സതേൺ എയർ പ്രൊഡക്ടിന് ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് എം.എൽ.എ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. തനിക്കോ തെൻറ ബന്ധുക്കൾക്കോ ഇത്തരത്തിൽ ഒരു കമ്പനിയുമായും ബന്ധമില്ലെന്നും പ്രസ്താവന പിൻവലിച്ച് മാധ്യമങ്ങൾ വഴി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം ഒരു കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് നൽകുമെന്നും അറിയിച്ച് മേയ് അഞ്ചിന് ശ്രീമതി വക്കീൽ നോട്ടീസ് അയച്ചിരുന്നു.
നോട്ടീസ് ലഭിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് കേസ് ഫയൽ ചെയ്തത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി ജനുവരി 15ന് പരാതിക്കാരിയെയും സാക്ഷികളായ മാധ്യമ പ്രവർത്തകരെയും മൊഴിയെടുക്കുന്നതിന് ഹാജരാക്കാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.