കൊച്ചി: ഗതാഗതം സാധാരണനിലയിൽ, സ്കൂളുകളും കോളജുകളും തുറക്കാൻ പോകുന്നു, തദ്ദേശ തെരഞ്ഞെടുപ്പ് പ്രശ്നങ്ങളില്ലാതെ നടക്കുന്നു, വാക്സിൻ വരുന്നു... ഇതൊക്കെ കേട്ടതോടെ കോവിഡ് പടിയിറങ്ങി, ഇനി പേടിക്കാനില്ല എന്ന മനോഭാവത്തിലേക്ക് നീങ്ങുകയാണോ മലയാളി? കോവിഡിനെതിരെ ഇതുവരെ പുലർത്തിയ ജാഗ്രതയും കരുതലും അയയുന്നു എന്ന് വേണം കരുതാൻ.
കോവിഡിെൻറ ആദ്യമാസങ്ങളിലെ കടുത്ത നിയന്ത്രണങ്ങൾ നീങ്ങിയതോടെ രോഗഭീഷണി ഇല്ലാതായെന്ന പൊതുബോധം ശക്തിപ്പെടുകയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
പലരും സാനിറ്റൈസറിനോട് റ്റാറ്റാ പറഞ്ഞ മട്ടാണ്. കൈ വല്ലപ്പോഴും കഴുകിയാലായി. മാസ്കിലൊതുങ്ങുകയാണ് പ്രതിരോധം. അതിെൻറ സ്ഥാനമാകട്ടെ മൂക്കും വായും വിട്ട് കഴുത്തിലേക്ക് താഴ്ന്നു. നേരത്തേ കൃത്യമായ ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതിൽ എല്ലാവരും ജാഗരൂകരായിരുന്നു.
പൊതുസ്ഥലങ്ങൾക്ക് പുറമെ പൊതുമേഖല, സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലെല്ലാം സാനിറ്റൈസറും ഹാൻറ്വാഷും നിർബന്ധമായും ലഭ്യമാക്കി. ഇപ്പോൾ മാനദണ്ഡം പാലിക്കുന്നു എന്ന് വരുത്താൻ ചിലയിടങ്ങളിൽ മാത്രമാണ് ഇവ സന്ദർശകർക്കും ഇടപാടുകാർക്കും നൽകുന്നത്. എ.ടി.എം കൗണ്ടറുകളിൽ ഭൂരിഭാഗത്തിലും സാനിറ്റൈസർ അപ്രത്യക്ഷമായി.
കോവിഡിെൻറ ആദ്യ മാസങ്ങളിൽ സംസ്ഥാനത്ത് മൂന്ന് കോടി മുതൽ നാല് കോടി രൂപയുടെ വരെ സാനിറ്റൈസർ പ്രതിമാസം വിറ്റിരുന്നു. ഇപ്പോഴിത് ഒന്നര കോടിയോളമായി. വാഹനങ്ങളിലും യാത്രാവേളകളിൽ കൈയിലും സാനിറ്റൈസർ സൂക്ഷിക്കുന്ന ശീലം പലരും ഉപേക്ഷിച്ചു. സാനിറ്റൈസർ ചോദിച്ചെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് വ്യാപാരികളും പറയുന്നു. ജാഗ്രത കൈവിടാറായിട്ടില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യവിദഗ്ധരും പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും ജനം ഇതിന് പഴയ ഗൗരവം നൽകുന്നില്ല.
അതേസമയം, വിൽപന കുറഞ്ഞെങ്കിലും അനധികൃതമായി സാനിറ്റൈസർ നിർമിച്ച് വിപണിയിലെത്തിക്കുന്നവർ ഇപ്പോഴും സജീവമാണ്. പെയിൻറ് കമ്പനികളും മറ്റ് കെമിക്കൽ കമ്പനികളും വരെ ഇവ നിർമിക്കുന്നു. വ്യാജ ഉൽപന്നങ്ങൾക്കെതിരെ കർശന നടപടി തുടരുകയാണെന്നും വരും ദിവസങ്ങളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ കെ.ജെ. ജോൺ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.