കോട്ടക്കല്‍: വീട് നിർമാണത്തിന് അപേക്ഷിച്ചിട്ടും പഞ്ചായത്ത് അധികൃതർ അനുകൂല നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പുസമരം നടത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിച്ചെന കണ്ടന്‍ചിനയില്‍ താമസക്കാരനായ മുരളീധരനെയാണ് (30) തിങ്കളാഴ്ച ഉച്ചക്ക് സമീപത്തെ മൈതാനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തെന്നല ഗ്രാമപഞ്ചായത്തിലെ കണ്ടന്‍ചിനക്കടുത്ത പീടികത്തിണ്ണയിലാണ് തമിഴ്‌നാട് സ്വദേശിയായ മുരളീധരനും കുടുംബവും താമസിക്കുന്നത്. ഏതെങ്കിലും ഭവനനിര്‍മാണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടുതരണമെന്ന ആവശ്യവുമായി മുരളീധരന്‍ പലതവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. അനുകൂല നിലപാടുകളൊന്നും ലഭിക്കാത്തതിനാല്‍ നിരാശനായിരുന്നു. ദിവസങ്ങള്‍ക്കുമുമ്പാണ് കുടുംബത്തോടൊപ്പം മുരളീധരന്‍ പഞ്ചായത്ത് ഓഫിസിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം മുരളീധരന്‍ ചെയ്ത സമരം
അതേസമയം, തിങ്കളാഴ്ച മരിക്കുന്നതിനുമുമ്പ് മുരളീധരന്‍ മദ്യപിച്ചിരുന്നതായും ഭാര്യയുമായി വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു. അമ്പതുവര്‍ഷം മുമ്പ് തെന്നലയിലെത്തിയതാണ് മുരളീധരെൻറ കുടുംബം. മുത്തുലക്ഷ്മിയാണ് ഭാര്യ. നാലുമക്കളുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച സംസ്‌കരിക്കും. കോട്ടക്കല്‍ അഡീഷനല്‍ എസ്.ഐ കെ. അജിത്പ്രസാദ് മൃതദേഹ പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.