തിരുവനന്തപുരം: സ്ഥാപനമുടമയെ മുൻകൂട്ടി അറിയിച്ചശേഷമേ തദ്ദേശസ്ഥാപനങ്ങൾ പരിശോധന നടത്താവൂയെന്ന് തദ്ദേശവകുപ്പ്. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കിൽ സ്ഥാപനമുടമ ആവശ്യപ്പെട്ടാൽ പരാതിയുടെ പകർപ്പ് നൽകണം. മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും പഞ്ചായത്തുകളിലും വ്യവസായ സംരംഭങ്ങളിലെ കേന്ദ്രീകൃത പരിശോധന സംവിധാനം സംബന്ധിച്ച പുതുക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നഗരസഭകളുടെ അധികാരപരിധിയിൽ വരുന്ന മാലിന്യ പരിപാലനം, ശുചീകരണം തുടങ്ങിയവയിൽ മാത്രമേ പരിശോധന നടത്താവൂ. മറ്റ് ഏജൻസികളോ വകുപ്പുകളുടെയോ അധികാരപരിധിയിലെ കാര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പരിശോധിക്കരുത്. പരിശോധന നടത്തുന്നത് ആവശ്യമെങ്കിൽ മൊബൈൽ ഫോണിൽ ഉൾപ്പെടെ വിഡിയോ റെക്കാഡ് ചെയ്യണം. സ്ഥാപന ഉടമക്കും റെക്കോഡിങ്ങിന് അനുവാദം നൽകാം. പരിശോധനയുടെ മഹസർ പകർപ്പ് ഉടമക്ക് നൽകണം. പരാതികൾ ലഭിച്ചാൽ സെക്രട്ടറിയുടെ അനുവാദ ഉത്തരേവാടെ മാത്രമേ സെക്രട്ടറിയോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ സ്ഥലപരിശോധന നടത്താൻ പാടുള്ളൂ.
പരിശോധനക്ക് മുമ്പ് മുനിസിപ്പാലിറ്റി, പഞ്ചായത്ത് നിയമത്തിൽ നിഷ്കർഷിച്ച പ്രകാരം അറിയിപ്പ് നൽകണം. അടിസ്ഥാനമില്ലാത്തതും പേരും വിലാസവും വെളിപ്പെടുത്താത്ത പരാതികളിലും ഒരു സ്ഥാപനത്തിൽ നിരന്തരം പരിശോധനകളും ഒഴിവാക്കണം. ഒരു സ്ഥാപനത്തിൽ ഒരു ഉദ്യോഗസ്ഥൻതന്നെ തുടർച്ചയായി പരിശോധിക്കരുത്.
ഒന്നിലധികം തവണ പരിശോധന നടത്തേണ്ടിവരുന്ന പക്ഷം വ്യത്യസ്ത ഉദ്യോഗസ്ഥരെ നിയോഗിക്കണം. പരാതി കെട്ടിച്ചമച്ചതോ വ്യക്തിവിദ്വേഷത്തിെൻറ അടിസ്ഥാനത്തിലുള്ളതോ ആണെന്ന് പരിശോധന ഉദ്യോഗസ്ഥന് ബോധ്യം വന്നാൽ വ്യക്തമായി റിപ്പോർട്ട് ചെയ്യണം. ലോ കാറ്റഗറി വിഭാഗത്തിൽപെട്ട സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലൊരിക്കലും മീഡിയം കാറ്റഗറി വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ രണ്ട് വർഷത്തിലൊരിക്കലും ഹൈ കാറ്റഗറി വിഭാഗത്തിൽപെടുന്ന സ്ഥാപനങ്ങളിൽ വർഷത്തിൽ ഒരു തവണയുമായി പരിശോധന നിജപ്പെടുത്തണം. പുതിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുേമ്പാൾ സ്വീകരിക്കേണ്ട പരിശോധനാ നിർദേശവും ഉത്തരവിൽ പറയുന്നു. എല്ലാ രേഖകളും സഹിതം പൂർണ അപേക്ഷ സമർപ്പിച്ചാൽ അഞ്ച് ദിവസത്തിനകം തദ്ദേശസ്ഥാപനങ്ങൾ ലൈസൻസ് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.