കടുത്ത വകുപ്പുകള്‍ ചുമത്തുമ്പോള്‍ ജാഗ്രത പാലിക്കണം; പൊലീസിന് ഡി.ജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും അടുത്തകാലത്ത് രജിസ്റ്റര്‍ ചെയ്ത ചില കേസുകളിലും പ്രഥമവിവര റിപ്പോര്‍ട്ടുകളിലും യു.എ.പി.എ അടക്കം വകുപ്പുകള്‍ ചുമത്തുന്നതില്‍ വേണ്ടത്ര അവധാനത പൊലീസ് പുലര്‍ത്തിയില്ളെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സമ്മതിച്ചു. ഇവ പരിശോധിച്ചപ്പോള്‍ ഇക്കാര്യം ബോധ്യമായെന്ന് സമ്മതിച്ച ഡി.ജി.പി, കടുത്ത വകുപ്പുകള്‍ ചുമത്തുന്നതിന് കൂടുതല്‍ ശ്രദ്ധ വേണമെന്ന് പൊലീസിനോട് നിര്‍ദേശിച്ചതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യു.എ.പി.എ, രാജ്യദ്രോഹക്കുറ്റം, എന്‍.ഐ.എ ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ എഫ്.ഐ.ആര്‍ തയാറാക്കുംമുമ്പ് ജില്ല പൊലീസ് മേധാവിയുടെ അനുമതി തേടണം. ശക്തമായ തെളിവുകള്‍ ഉണ്ടെങ്കിലേ ഇത്തരം വകുപ്പുകള്‍ ചുമത്താന്‍ പാടുള്ളൂവെന്ന് പൊലീസിന് നിര്‍ദേശം നല്‍കി. പൊലീസ് വ്യാപകമായി കടുത്ത വകുപ്പുകള്‍ ഉപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുകയും ഭരണപക്ഷത്തുനിന്നുതന്നെ വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തതോടെയാണ് ഡി.ജി.പി രംഗത്തുവന്നത്.  

യു.എ.പി.എ, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വകുപ്പുകളില്‍ ഡിവൈ.എസ്.പി/എസ്.പി തല ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം നല്‍കാനുള്ള നടപടികള്‍ റേഞ്ച് ഐ.ജിമാര്‍ കൈക്കൊള്ളണം. ഇതിനായി സംസ്ഥാനതലത്തില്‍ ശില്‍പശാല സംഘടിപ്പിക്കും. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് കാലാകാലങ്ങളില്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. ഇക്കാര്യങ്ങള്‍ പൂര്‍ണമായി പാലിക്കണം. ഇക്കാര്യത്തില്‍ ഉയര്‍ന്ന ഉദ്യേഗസ്ഥരുടെ മേല്‍നോട്ടമുണ്ടാകണം. സി.ഐ, ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തേണ്ട കേസുകളിള്‍ എഫ്.ഐ.ആര്‍ തയാറാക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ചാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. 

മനുഷ്യക്കടത്ത് കേസുകള്‍പോലെ, ചില പ്രത്യേക ഉദ്യോഗസ്ഥര്‍ക്ക് വിജ്ഞാപനപ്രകാരം അന്വേഷണച്ചുമതല നല്‍കുന്ന കേസുകളില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാകണം സെക്ഷനുകളും വകുപ്പുകളും നിശ്ചയിക്കേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി ആലോചിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ തൊട്ടുമുകളിലുള്ളവരുമായി ഇക്കാര്യം ആലോചിക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.

Tags:    
News Summary - DGP issues new circular to police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.