തിരുവനന്തപുരം: അന്താരാഷ്ട്ര വനിതദിനത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പൊലീസ് വകുപ്പിലെ നാല് വനിത ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ആദരിച്ചു. കൊച്ചി സിറ്റി സെൻട്രൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ്.പി. ആനി, കണ്ണൂർ റൂറൽ ജില്ല പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട് കെ.എൽ. നൈസി, തൃശൂർ ഡി.എച്ച്.ക്യു ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.പി. ബിന്ദു, പൊലീസ് സ്പോർട്സ് ടീം ഹവിൽദാർ അലീന ജോസ് എന്നിവർക്കാണ് പുരസ്കാരം സമ്മാനിച്ചത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എ.ഡി.ജി.പി മനോജ് എബ്രഹാമും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
പ്രതികൂല ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി സബ് ഇൻസ്പെക്ടറായി ജോലി നേടിയ ആളാണ് ആനി. 2014 ൽ സബ് ഇൻസ്പെക്ടർ ആകാൻ പരീക്ഷയെഴുതിയെങ്കിലും ഫലത്തിന് കാത്തുനിൽക്കാതെ രണ്ടുവർഷത്തിനുശേഷം കോൺസ്റ്റബിളായി സേനയിൽ ചേർന്നു. 2019 ലാണ് സബ് ഇൻസ്പെക്ടറായി നിയമനം ലഭിച്ചത്. കണ്ണൂർ റൂറൽ ജില്ല പൊലീസ് ഓഫിസിലെ ജൂനിയർ സൂപ്രണ്ടായ നൈസി അറിയപ്പെടുന്ന കായികതാരമാണ്. ഏഷ്യൻ പവർ ലിഫ്റ്റിങ് ബഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ഇവർ 57 കിലോഗ്രാം വിഭാഗത്തിൽ ബെസ്റ്റ് ലിഫ്റ്റർ ഓഫ് ഏഷ്യ എന്ന ബഹുമതിയും കരസ്ഥമാക്കി. വരുന്ന മേയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ നൈസി ഇന്ത്യയെ പ്രതിനിധാനം ചെയ്യും.
സമൂഹത്തിൽ ആലംബമറ്റവർക്ക് എന്നും ആശ്വാസമാണ് തൃശൂരിലെ വനിത പൊലീസ് ഉദ്യോഗസ്ഥ ബിന്ദു. പലകാരണങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ, അതിജീവിതർ എന്നിവരെ കണ്ടെത്തി മാനസികപിന്തുണ നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സദാ സന്നദ്ധയാണ് ഇവർ. സുഹൃത്തുക്കളുടെ സഹായത്തോടെ നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കൽ, കുട്ടികൾക്ക് പഠനസഹായം എത്തിക്കൽ എന്നീ പ്രവർത്തനങ്ങളും നിരന്തരം ചെയ്തുവരുന്നു.
തിരുവനന്തപുരത്ത് നടന്ന ആദ്യത്തെ ദേശീയ ജംപ് ചാമ്പ്യൻഷിപ്പിൽ ട്രിപിൾ ജംപിൽ സ്വർണമെഡൽ നേടിയ കായികതാരമാണ് അലീന ജോസ്. കോഴിക്കോട് നടന്ന സ്റ്റേറ്റ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും സ്വർണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.