ടാറിങ് പൂർത്തിയാക്കിയ സ്മാർട്ട് റോഡുകൾ കുഴിക്കുന്നു: ജലവിഭവ സെക്രട്ടറി പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ആദ്യഘട്ട ടാറിങ് പൂർത്തിയായ സ്മാർട്ട് റോഡുകൾ കുടിവെള്ള പൈപ്പ് കണക്ഷൻ നൽകാൻ വീണ്ടും വെട്ടിപൊളിക്കുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ സമയബന്ധിതമായി റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന് സംസ്ഥാന  മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇതിനായി ജല അതോറിറ്റി മാനേജിങ് ഡയറക്ടർ, ചീഫ് എഞ്ചിനീയർ, ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ എഞ്ചിനീയർമാർ എന്നിവരടങ്ങിയ ഒരു സ്പെഷ്യൽ ടീമിന് ജലവിഭവ വകുപ്പ് സെക്രട്ടറി രൂപം നൽകണമെന്നും നിർദേശിച്ചു.

സ്മാർട്ട് റോഡുകൾ ആവർത്തിച്ച് കുഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പൈപ്പ് ലൈനുകൾ സ്ഥാപിച്ചശേഷം റോഡുകൾ വീണ്ടും കുത്തിപൊളിക്കുന്നത് അടിയന്തരമായി പരിശോധിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ഇരട്ടപ്പണി ഒഴിവാക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരുമായി ജലവിഭവ വകുപ്പ് സെക്രട്ടറി കൂടിയാലോചന നടത്തി പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു.

ജലവിഭവ വകുപ്പു സെക്രട്ടറി ആവശ്യമായ കൂടിയാലോചനകൾക്ക് ശേഷം രണ്ടാമതും കുഴിച്ച സമാർട്ട് റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ ആവശ്യമായ സമയവും സ്വീകരിച്ച നടപടികളും കമീഷനെ അറിയിക്കണം. ജല അതോറിറ്റി മാനേജിങ് സയറക്ടറും ചീഫ് എഞ്ചിനീയറും റിപ്പോർട്ട് സമർപ്പിക്കണം. റോഡ് ഫണ്ട് ബോർഡ്, സ്മാർട്ട് സിറ്റി പ്രോജക്റ്റ് എന്നീ സ്ഥാപനങ്ങളുടെ വിശദീകരണങ്ങളും ഇതിനൊപ്പം സമർപ്പിക്കണം.

തിരുവനന്തപുരം നഗരത്തിൽ നടത്തുന്ന അറ്റകുറ്റപണികളെ കുറിച്ച് ജല അതോറിറ്റി എം.ഡി യഥാസമയം സിറ്റി പൊലീസ് കമീഷണറെ അറിയിക്കണം. കമീഷണർ ഇക്കാര്യം ട്രാഫിക് പൊലീസിനെ അറിയിച്ച ശേഷം പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ നടപടിയെടുക്കണം. സ്വീകരിച്ച നടപടികൾ കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിക്കണം. ഒരു മാസത്തിനകം റിപ്പോർട്ടുകൾ സമർപ്പിക്കണം. കേസ് സെപ്റ്റംബർ 26 ന് പരിഗണിക്കും. 

News Summary - Digging smart roads complete with tarring: HRC wants water resources secretary to find solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.