ഉരുൾ ദുരന്തബാധിതർക്ക് തുടർ സഹായത്തിന് നിയമ തടസ്സമില്ലെന്ന് മന്ത്രിസഭ ഉപസമിതി

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ധനസഹായം, നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് മന്ത്രിസഭാ ഉപസമിതി. ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുള്ള അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിന് പകരം മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിനെ അനന്തരാവകാശിയായി കണക്കാക്കിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സമിതി അംഗങ്ങൾ അറിയിച്ചു.

മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തേക്ക് ആളുകള്‍ അനാവശ്യമായി എത്തരുത്. വിവിധ സേനാവിഭാഗങ്ങള്‍, വളണ്ടിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ പ്രദേശത്തേക്ക് വരുന്നവര്‍ മാറിനില്‍ക്കണം. മേഖലയില്‍ പൊലീസ് പൊതുനിയന്ത്രണം ഏര്‍പ്പെടുത്തും. വരും ദിവസങ്ങളിലും കാണാതായവര്‍ക്കുള്ള പരിശോധന തുടരും. നിലവില്‍ പരിശോധന നടത്തുന്ന ഓരോ മേഖലകളിലും രണ്ടുതവണ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധന പൂര്‍ത്തിയാക്കിയ മേഖലകളില്‍ വീണ്ടും പരിശോധന നടത്താന്‍ ആളുകള്‍ ആവശ്യപ്പെട്ടാല്‍ പരിശോധിക്കും. സംസ്‌കാരം നടന്ന പുത്തുമലയിലെ ചുറ്റുമതിലിന്റെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വില്ലേജ് ഓഫിസ്- തദ്ദേശസ്വയംഭരണ വകുപ്പ് -ജനപ്രതിനിധി ഉള്‍പ്പെടയുള്ള 12 ടീമുകള്‍ ആറ് തദ്ദേശസ്ഥാപന പരിധികളിലായി പരിശോധന നടത്തുന്നുണ്ട്. ആഗസ്റ്റ് 13 ന് നിലമ്പൂര്‍ കുമ്പളപ്പാറയില്‍ നിന്നും ലഭിച്ച ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും ബുധനാഴ്ച സംസ്‌കരിച്ചു.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 221 ശരീരങ്ങളുമാണ് ലഭിച്ചത്. ഇത് വരെ 420 പേരുടെ ഡി.എന്‍.എ പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തില്‍ അകപ്പെട്ട മുഴുവന്‍ ജന്തു-ജീവജാലങ്ങളെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന്റെ ഭാഗമായി മേഖലയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളുടെ പട്ടിക തയാറാക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദേശം നല്‍കി. ക്യാമ്പുകളില്‍ നിന്നും വാടകവീടുകളിലേക്ക് മാറുന്ന എല്ലാവര്‍ക്കും ഗ്യാസ് കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വയനാട് സേഫ് ടൂറിസം ക്യാമ്പയിനിന്‍െ ഭാഗമായി ജില്ലയിലെ സുരക്ഷിതമായ പാര്‍ക്കുകള്‍, ഹെറിറ്റേജ് ടൂറിസം കേന്ദ്രങ്ങള്‍ വരും ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും. തുറക്കുന്ന ടൂറിസം കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കും.

ദുരന്തം നേരിട്ട് ബാധിച്ച 379 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം ധനസഹായം ലഭ്യമാക്കിയതായും മന്ത്രിസഭാ ഉപസമിതി അറിയിച്ചു. ബാങ്ക് അക്കൗണ്ട് മുഖേനയാണ് പണം നല്‍കിയത്. പാസ്ബുക്ക് നഷ്ടപ്പെട്ടവര്‍, അക്കൗണ്ട് നമ്പര്‍ ഓര്‍മയില്ലാത്തവര്‍, ഏത് ബാങ്കിലാണ് അക്കൗണ്ടെന്ന് അറിയിച്ചാല്‍ ബന്ധപ്പെട്ട ബാങ്ക് കണ്ടെത്തി പണം നിക്ഷേപിക്കും. ബാങ്കിന്റെ വിവരങ്ങള്‍ ഓര്‍മയില്ലാത്തവര്‍ക്ക് വ്യക്തിയുടെ വിലാസം അടിസ്ഥാനമാക്കി ബാങ്കുകളില്‍ പരിശോധിച്ച് തുക നല്‍കും. ഇത് ഒന്നുമില്ലെങ്കില്‍ സീറോ ബാലന്‍സില്‍ പുതിയ അക്കൗണ്ട് എടുത്ത് തുക നല്‍കും.

കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, ഒ.ആര്‍. കേളു, ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - There is no legal obstacle for further assistance to the victims -The cabinet sub-committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.