തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ സംസ്ഥാനത്ത് ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. വെള്ളിയാഴ്ച തുടങ്ങി നവംബർ 26 നുള്ളിൽ പൂർത്തീകരിക്കാനാണ് നിർദേശം. 44,97,794 ഗുണഭോക്താക്കൾക്ക് 1600 രൂപ വീതം പെൻഷൻ വിതരണം ചെയ്യുന്നതിന് 667.15 കോടി രൂപ അനുവദിച്ചാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. 23,15,039 പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് പെൻഷൻ വിതരണം.
ഇതിന് 334.32 കോടി അനുവദിച്ചു. 21,82,755 പേർക്ക് സഹകരണ ബാങ്കുകൾ വഴി നേരിട്ട് വീടുകളിലെത്തിക്കുന്നതിന് 332.83 കോടിയും. ദേശീയ വാർധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍, 50 കഴിഞ്ഞ അവിവാഹിത വനിതകള്‍ക്കുള്ള പെന്‍ഷന്‍, ദേശീയ വിധവ പെന്‍ഷന്‍ എന്നീ സ്കീമുകളിൽ പെട്ടവർക്കാണ് പെൻഷൻ ലഭിക്കുക. മസ്‌റ്ററിങ് ചെയ്‌തവർക്കെല്ലാം പെൻഷൻ അനുവദിക്കാനാണ് നിർദേശം. മറ്റുള്ളവർക്ക് മസ്‌റ്ററിങ് പൂർത്തിയാക്കുന്ന മാസംതന്നെ പെൻഷൻ ലഭിക്കും.
ഏറ്റവുമൊടുവിൽ ഓണത്തിന് തൊട്ടുമുമ്പാണ് മേയ്, ജൂൺ മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്തത്. ജൂലൈ മുതൽ ഒക്ടോബർ വരെ കുടിശ്ശികയാണ്. ജൂലൈയിലെ പെൻഷൻ പൂർത്തിയാകുമ്പോഴും 4800 രൂപ ബാക്കിയുണ്ടാകും. രണ്ടാഴ്ച കൂടി കഴിയുന്നതോടെ വീണ്ടും കുടിശ്ശിക നാലുമാസത്തേതാകും.
കേന്ദ്രം വിഹിതം കൂടി ഉൾപ്പെടുത്തിയാണ് പെൻഷൻ വിതരണമെങ്കിലും ഈ തുക തുച്ഛമാണെന്നുമാത്രമല്ല, സമയത്ത് കിട്ടാറുമില്ല. സാമൂഹിക സുരക്ഷ പെൻഷനിൽ മൂന്നു വിഭാഗങ്ങളിലായി 200 മുതൽ 300 രൂപ വരെയാണ് കേന്ദ്രസഹായം. ആകെയുള്ള 44 ലക്ഷം ഗുണഭോക്താക്കളിൽ 8,46,456 പേർക്കാണ് ഈ നാമമാത്ര സഹായവുമുള്ളത്. പെൻഷൻ വാങ്ങുന്നവരുടെ 16.62 ശതമാനം മാത്രമാണിത്. ഈ വിഭാഗങ്ങൾക്കടക്കം ശേഷിക്കുന്ന തുക സംസ്ഥാനം നൽകി 1600 രൂപ തികച്ചാണ് വിതരണം ചെയ്യുന്നത്.
കേന്ദ്രവിഹിതം വർഷങ്ങള്‍ കുടിശ്ശിക വരുത്തിയപ്പോഴും കേരളം ഈ തുക കൃത്യമായി ഗുണഭോക്താക്കളിലെത്തിച്ചിരുന്നു. പ്രത്യേക അക്കൗണ്ട് വഴി നേരിട്ട് കേന്ദ്രത്തിന്റെ പണമെത്തിക്കുമെന്നാണ് പുതിയ നിർദേശം. അതിനാൽ കേന്ദ്ര ഗുണഭോക്താക്കളായ 16.62 ശതമാനം പേർക്ക് കേന്ദ്രവിഹിതം കുറച്ചുള്ള തുകയാണ് ഇപ്പോൾ സംസ്ഥാനം നൽകുന്നത്. കേന്ദ്രത്തിന്റെ വിഹിതം മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാണ് കിട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.