തിരുവനന്തപുരം: വിവാഹം പോലെ വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യാൻ നിയമവും ചട്ടഭേദഗതിയും തയാറാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്. കേരള നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു.
വിവാഹ മോചന രജിസ്ട്രേഷന് സമയത്ത് കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവരുടെ സംരക്ഷണത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍കൂടി രജിസ്ട്രേഷനില്‍ ഉള്‍പ്പെടുത്തും. പുനര്‍വിവാഹിതരാകുമ്പോള്‍ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാവശ്യമായ നിയമ നിര്‍മാണവും ഇതിന്റെ ഭാഗമായുണ്ടാകും. ഇന്ത്യന്‍ നിയമ കമീഷന്റെ 2008ലെ റിപ്പോര്‍ട്ടില്‍ വിവാഹവും വിവാഹ മോചനവും രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. അതിൽ മതമോ, വ്യക്തി നിയമമോ പരിഗണിക്കാതെ ഇന്ത്യയൊട്ടാകെ, എല്ലാ പൗരന്മാര്ക്കും ബാധകമാക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാണങ്ങളൊന്നും നടന്നിട്ടില്ല. കേരള വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റര്‍ ചെയ്യല്‍ ആക്ട് എന്ന പേരിലാണ് നിയമനിർമാണം നടത്തുക. 2008ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളില്‍ വിവാഹ മോചനങ്ങളുടെ രജിസ്ട്രേഷനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.