കോഴിക്കോട്: യു.ഡി.എഫിലെ പാർട്ടികൾ എൽ.ഡി.എഫിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നവർ, അവരുടെ കൂട്ടത്തിലുള്ളവർ പോകാതെ നോക്കിയാൽ മതിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ക്രമസമാധാനം തകർന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ശക്തമാണ്. എൽ.ഡി.എഫിലാണ് അസംതൃപ്തരുള്ളത്. ഭരിക്കുന്ന മുന്നണിയിലെ കക്ഷികൾക്കുപോലും രക്ഷയില്ലാത്ത കാലമാണ്. കേരളത്തിൽ നടക്കുന്നത് ഗുണ്ടാ രാഷ്ട്രീയമാണ്. അതിൽ അടികിട്ടുമ്പോൾ സ്വന്തം കക്ഷിയെന്നോ നേതാവെന്നോ ഇല്ല. കൂടുതൽ തല്ലുകിട്ടുന്നത് യു.ഡി.എഫുകാർക്കാണെങ്കിലും എൽ.ഡി.എഫ് ഘടകക്ഷികൾക്കും തല്ലിന് കുറവില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുക്രെയ്ൻ യുദ്ധവാർത്ത വായിച്ചുകഴിഞ്ഞാൽ ഏറ്റവും വലിയ യുദ്ധവാർത്ത സംസ്ഥാനത്തെ ഗുണ്ടായിസമാണ്. കല്യാണവീടുകളും പൊലീസ് സ്റ്റേഷനുകളുമെല്ലാം കൊലപാതക കേന്ദ്രങ്ങളാവുകയാണ്. കെ- റെയിൽ മാത്രമാണ് ഉയർത്തിക്കാണിച്ച് നടക്കുന്നത്. കെ- റെയിലിൽ രണ്ടുമണിക്കൂർ നേരത്തേ തിരുവനന്തപുരത്തെത്തിയിട്ട് എന്തു കിട്ടാനാണെന്നും അദ്ദേഹം ചോദിച്ചു.
യു.ഡി.എഫ് ജില്ല കൺവീനർ കെ. ബാലനാരായണൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, എൻ. ഷംസുദ്ദീൻ, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, ടി. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.