കേരളം ഭരിക്കുന്നത് കൊച്ചു രാജാക്കന്മാരാണെന്ന് ഡോ. ബി.എ പ്രകാശ്

കോഴിക്കോട് : കേരളം ഭരിക്കുന്നത് കൊച്ചു രാജാക്കന്മാരാണെന്ന് സംസ്ഥാന ധനകാര്യ കമീഷന്റെ ചെയർമാനായിരുന്നു ഡോ.ബി.എ പ്രകാശ്. പഴയ രാജാക്കന്മാരെപോലെ ധനധൂർത്ത് നടത്തുകയാണ് ഇന്നത്തെ ഭരാണിധികാരികൾ. ഗവ. പ്രസിൽ നോട്ട് അച്ചടിച്ച് ട്രഷറിൽ കൊണ്ട് വന്ന് വിതരണം നടത്തുന്ന കാര്യമാണെന്നാണ് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിചാരമെന്നും പ്രകാശ് മാധ്യമം ഓൺലൈനോട് പറഞ്ഞു.

മന്ത്രിമാർക്കും എം.എല്‍.എ. മാര്‍ക്കും മറ്റും പരിധിയില്ലാതെ ചികിത്സ നടത്തി അതിന്‍റെ മുഴുവന്‍ ചെലവും സര്‍ക്കാരില്‍ നിന്നും കൈപറ്റാം എന്നാണ് നിയമം. സംസ്ഥാനത്തെ ഒരു എം.എൽ.എ ചികിത്സ ചെലവിന് സര്‍ക്കാരില്‍ നിന്ന് വാങ്ങിയ തുക 1.9 കോടിരൂപയാണ്. മന്ത്രിമാർ ചികിത്സയ്ക്ക് വിദേശ രാജ്യങ്ങളിലേക്കാണ് പോകുന്നത്. സ്വന്തം പോക്കറ്റിലെ പണം ഉപയോഗിച്ചല്ല ചികിൽസ. പലരും 50,000 രൂപയുടെയും 75,000 രൂപയുടെയും കണ്ണട വെച്ച് നടക്കുന്ന എം.എൽ.എ മാരുണ്ട്. നിയമപരമായി അവർക്ക് അധികാരപ്പെട്ടതെന്നാണ് വാദിക്കുന്നത്.

ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പോലും പുതിയ സമ്പ്രദായമനുസരിച്ചുള്ള പെൻഷനാണ് നിലവിലുള്ളത്. മന്ത്രിമാരുടെപേഴ്സനൽ സ്റ്റാഫിൽ രണ്ട് വർഷം ജോലി ചെയ്താൽ പെൻഷൻ നൽകും. ഇന്ത്യയിൽ മറ്റൊരിടത്തും ഈ സമ്പ്രദായമില്ല. നമുക്ക് 22 പി.എസ്.സി അംഗങ്ങളുണ്ട്. മറ്റുപല സംസ്ഥാനങ്ങളിലും മൂന്ന് മുതൽ ആറ് വരെയേയുള്ളു. ഇവർക്കെല്ലാം കാറ്, വീട് ,ശമ്പളം എല്ലാം നൽകുന്നു. ഇതെല്ലാം ധനധൂർത്താണ്.

വലിയ അധികാര കേന്ദ്രങ്ങളാണവർ. അപൂർവം പേർ മാത്രമേ ധൂർത്തിനെക്കുറിച്ച് പറയുന്നുള്ളു. ജനങ്ങൾക്ക് ധനകാര്യത്തെക്കുറിച്ച് ശരിയായ ധാരണയില്ല. സോഷ്യലിസത്തെക്കുറിച്ചും മുതലാളിത്തത്തെക്കുറിച്ചും രാഷ്ട്രീയപാർട്ടികൾ നേതാക്കൾ പ്രസംഗിക്കും. അവർ രണ്ട് ചേരിയിലാണെന്ന് പറയും. എന്നാൽ ഇവിടെ ഒരു ഇസം മാത്രമേയുള്ളൂ. സർക്കാർ ഫണ്ട് വിവിധ വഴികളിലൂടെ തട്ടിയെടുക്കുന്നതിനുള്ള ഇസം.

സർക്കാർ ഭരണത്തിന് 100-125 വകുപ്പുകൾ നിലവിൽ കേരളത്തിലുണ്ട്. എന്തിനാണ് ഈ കൊച്ചു കേരളത്തിന് ഇത്രയും വകുപ്പുകളുടെ ആവശ്യം. ഒരു വകുപ്പിനെ മൂന്നും നാലും വകുപ്പുകളാക്കി മാറ്റുന്നതാണ് ഭരണപരിഷ്കാരമെന്നാണ് ഭരണാധികാരികൾ വിശ്വസിക്കുന്നത്. ഓരോ വകുപ്പുകൾക്കും മേധാവിയും ഉദ്യോഗസ്ഥരുടെ അനുചരപ്പടയും ഉണ്ടാകും. വിവിധ തസ്തികകൾ ഒരുക്കി കാറുകൾ വാങ്ങി ധനധൂർത്ത് നടത്തുകയാണ് സർക്കാർ വകുപ്പുകള്‍. ജില്ലാതല ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും സഞ്ചരിക്കുന്നത് മുന്തിയ തരം കാറുകളിലാണ്. ഇതെല്ലാം ധനധൂർത്താണെന്നും ഡോ.ബി.എ പ്രകാശ് പറഞ്ഞു.  

Tags:    
News Summary - Dr. BA Prakash Kerala is ruled by little kings.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.