ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത് പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ഗുരുതര അനാസ്ഥ മൂലം -വി.ഡി. സതീശൻ

കൊല്ലം: പൊലീസിന്റെ ഗുരുതരമായ അനാസ്ഥയാണ് ഡോ. വന്ദന ദാസിന്റെ മരണത്തിനിടയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊട്ടാരക്കരയിൽ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

ലഹരിക്കടിമയായി രാത്രിമുഴുവൻ നാട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയ ആളെ വൈദ്യ പരിശോധനക്ക് വിധേയമാക്കാൻ ഹോം ഗാർഡിനെ മാത്രമാണ് കൂടെ വിട്ടത്. പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായ ഗുരുതര അനാസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തല്ലുണ്ടാക്കിയ ആളെ വാദിയായാണ് കൊണ്ടുവന്നതെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.

നാട്ടിൽ മുഴുവൻ പ്രശ്നമുണ്ടാക്കിയ ക്രിമിനലിനെ ഒരു തരത്തിലും നിയന്ത്രിക്കാനുള്ള സംവിധാനമില്ലാതെ ചെറിയ പെൺകുട്ടിയുടെ മുന്നിലേക്ക് ഇട്ടുകൊടുത്തത് അനാസ്ഥയല്ലാതെ എന്താണ്? രാത്രി മുഴുവൻ കുഴപ്പമുണ്ടാക്കിയ ആൾ എങ്ങനെയാണ് വാദിയാകുന്നത്? പൊലീസിന്റെ അനാസ്ഥ മറക്കാൻ പുതിയ തിരക്കഥയുണ്ടാക്കുകയാണ്. പ്രതി ആക്രമിച്ചപ്പോൾ പൊലീസ് ഉൾപ്പെടെ ഓടി രക്ഷപ്പെടുകയാണുണ്ടായത്.

ഡോക്ടറുടെ പരിചയക്കുറവാണ് ഇതിനു കാരണം എന്ന രീതിയിൽ പ്രതികരിച്ച് മന്ത്രി മുറിവിന്റെ ആഴം കൂട്ടുകയാണ്. ആരുടെ പരിചയക്കുറവാണെന്ന് ജനം വിലയിരുത്തും. സർക്കാർ ആശുപത്രിയിൽ ജോലിക്ക് പോകാൻ ഇനി എന്ത് പരിചയം വേണമെന്നാണ് മന്ത്രി ലക്ഷ്യമാക്കിയത്?

ആശുപത്രികളിൽ ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ സംബന്ധിച്ച് നിരവധി തവണ നിയമ സഭയിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ നിരന്തരമായി പ്രശ്നങ്ങളുണ്ടാവുകയും അത് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടു വരികയും ചെയ്തിട്ടും അവരെ സംരക്ഷിക്കാർ വേണ്ടി ഒരു നടപടിയും സർക്കാരോ പൊലീസോ സ്വീകരിച്ചിട്ടില്ല. നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ കേരളത്തിൽ ഒരു ആശുപത്രിയിലും ഒരു പ്രശ്നവുമില്ലെന്നാണ് മന്ത്രി മറുപടി പറഞ്ഞത്. പിന്നെ, ഡോക്ടർമാർ പ്രശ്നമാക്കിയതോടെ മറുപടി തിരുത്തുകയായിരുന്നു. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമറിഞ്ഞു വേണം പ്രതികരിക്കാൻ.

എത്ര തവണ ബോട്ടപകടമുണ്ടായി. അതു പോലെ തന്നെയാണ് ഇതും. ഇപ്പോൾ വലിയ ചർച്ച നടക്കും. എന്നിട്ട് ഒരു നടപടിയും സ്വീകരിക്കുകയുമില്ല -വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - Dr. Vandana Das was killed due tonegligence of police and health department -V.D. Satheeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.