ലഹരി: കുറ്റം ആവർത്തിക്കുന്നവർ കൂടുന്നു

കൊച്ചി: ലഹരി വിരുദ്ധ ബോധവത്കരണത്തിന്‍റെ ഭാഗമായി ഘോഷയാത്രകൾ മുതൽ കൂട്ടയോട്ടം വരെ നാടെങ്ങും തകൃതിയായി നടക്കുമ്പോഴും കുറ്റകൃത്യം ആവർത്തിക്കുന്നവരുടെ എണ്ണം ആശങ്കയാകുന്നു. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട വ്യക്തികളുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് തയാറാക്കിയ ഡേറ്റ ബാങ്ക് പ്രകാരം 2022 നവംബർ വരെ 45,380 പേരാണ് കേസുകളിൽ പ്രതികളായിട്ടുള്ളത്.

ഇതിൽ 2199 പേർ ഒന്നിലധികം കേസുകളിൽ പ്രതികളാണ്. നിലവിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ സ്ഥിരം കുറ്റവാളികളെ പൂർണമായി പിന്തിരിപ്പിക്കാനാകുന്നില്ല എന്നതിന്‍റെ സൂചനയാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.മയക്കുമരുന്ന് വിപണനത്തിനെതിരായ നിയമവ്യവസ്ഥകൾ കർശനമായി നടപ്പാക്കണമെന്നതാണ് ആവശ്യം. കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെക്കുന്നവർ നിയമത്തിന്‍റെ പഴുതിലൂടെ രക്ഷ‍പ്പെടുന്നുവെന്ന ആക്ഷേപം കാലങ്ങളായുണ്ട്.


കുറ്റകൃത്യങ്ങൾ തരംതിരിക്കാൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാൻ സഹായകരമാകുന്നുവെന്ന വിമർശനം പരിഹരിക്കാൻ എൻ.ഡി.പി.എസ് ആക്ടിലെ ഷെഡ്യൂൾ ഭേദഗതി ചെയ്ത് സ്മാൾ, മീഡിയം ക്വാണ്ടിറ്റി സ്ലാബുകളിൽ കുറവ് വരുത്താൻ സംസ്ഥാനം കേന്ദ്ര സർക്കാറിന് ശിപാർശ നൽകിയിരിക്കുകയാണെന്നതും പ്രസക്തമാണ്.മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ എൻ.ഡി.പി.എസ് നിയമത്തിലെ സെക്ഷൻ 27 പ്രകാരം നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

കുറ്റം ആവർത്തിക്കുമ്പോൾ നിയമത്തിൽ പരാമർശിക്കുന്ന പരമാവധി ശിക്ഷയുടെ ഒന്നര ഇരട്ടി ശിക്ഷ വിധിക്കാൻ എൻ.ഡി.പി.എസ് സെക്ഷൻ 31 പ്രകാരം വ്യവസ്ഥയുണ്ട്. കുറ്റം ആവർത്തിക്കുന്നവർക്ക് അധിക ശിക്ഷ നൽകാനും നേരിട്ടോ അല്ലാതെയോ ലഹരി കച്ചവടം നടത്തുന്നവരെയും ഇടപാടുകളുമായി അടുത്ത ബന്ധമുള്ളവരെയും കരുതൽ തടങ്കലിൽ പാർപ്പിക്കാനും നടപടി സ്വീകരിച്ച് വരുകയാണെന്നും അവർ വ്യക്തമാക്കി. 

Tags:    
News Summary - drugs: Repeat offenders are increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.