അടിമാലി: മൂന്നാറിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കെന്ന വ്യാജേന ഹോട്ടൽ വ്യവസായിയുടെ 35 ലക്ഷം രൂപ അപഹരിച്ച് കടന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇടുക്കി ആനച്ചാൽ മന്നാകുടി പാറക്കൽ ഷിഹാബി (41)നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. കപ്യാർ എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഷിഹാബിനെ വ്യവസായിക്ക് പരിചയപ്പെടുത്തിയത്. ഇയാളുടെ വീട്ടിൽ നിന്ന് 2.5 ലക്ഷം രൂപയും എട്ട് പവൻ സ്വർണ്ണവും പിടിച്ചെടുത്തു. കേസിലെ ഒന്നാം പ്രതിയാണ് ഷിഹാബ്.
കേസിലെ മറ്റൊരു പ്രതിയായ തൊടുപുഴ അരിക്കുഴ ലക്ഷ്മിഭവനിൽ അനിൽ വി. കൈമൾ (38)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പുരോഹിതനെന്ന വ്യാജേനയാണ് ഇയാൾ വ്യവസായിയെ ബന്ധപ്പെട്ടത്. ഇതോടെ തട്ടിയെടുത്ത പണത്തിൽ നിന്ന് 7.38 ലക്ഷം രൂപയും എട്ട് പവൻ സ്വർണ്ണവും വീണ്ടെടുക്കാനായി. സംഘത്തിൽ ഏഴ് പേർകൂടി ഇനിയും പിടിയിലാകാനുണ്ട്.
തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയായ കരമന സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തട്ടിപ്പിൽ ഏഴ് ലക്ഷം രൂപയാണ് ഷിഹാബിന് ലഭിച്ചത്. ഷിഹാബാണ് വ്യവസായിയെ കെണിയിൽപെടുത്തി രക്ഷപ്പെടാനുള്ള രൂപരേഖ തയ്യാറാക്കിയത്.
മൂന്നാറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഭൂമിയും റിസോർട്ടുകളും വലിയ ലാഭത്തിൽ കിട്ടാനുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സഭയുമായി ബന്ധമുള്ളവരാണെന്നും സഭയുടെ കീഴിലുള്ള സ്ഥാപനമായതിനാൽ ലാഭം കൂടുമെന്നും വിശ്വസിപ്പിച്ചു. പുരോഹിതനാണെന്ന് പരിചയപ്പെടുത്തി വ്യവസായിയെ വിളിച്ചത് അറസ്റ്റിലായ അനിലാണ്. അനിലിന്റെ വാക്ക് വിശ്വസിച്ച് വ്യവസായി സ്വന്തം കാറിൽ 35 ലക്ഷം രൂപയുമായി തിങ്കളാഴ്ച അടിമാലിയിൽ എത്തി. ഫോൺ ചെയ്തപ്പോൾ മൂന്നാറിൽ നിന്ന് ആനച്ചാൽ വഴിക്ക് വരാൻ ആവശ്യപ്പട്ടു. ആനച്ചാലിൽ എത്തിയപ്പോൾ വീണ്ടും വിളിച്ചു. ചിത്തിരപുരം സ്ക്കൂളിന് സമീപത്തെ വെയ്റ്റിങ് ഷെഡിൽ തന്‍റെ കപ്യാർ നിൽക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് പ്രകാരം വ്യവസായി വെയ്റ്റിങ് ഷെഡിൽ എത്തി. എന്നാൽ, സ്ഥലത്തെത്തിയയാൾ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് തേയിലക്കാട്ടിലൂടെ ഓടി മറയുകയായിരുന്നു. പിന്നീട് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. അനിലിനെ മൈസൂരിൽ നിന്നാണ് പിടികൂടിയത്.
അറസ്റ്റിലായ ഷിഹാബ് വെള്ളത്തൂവൽ സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.