സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ വിവരങ്ങൾ പി.വി. അന്‍വറിന് ചോര്‍ത്തി; ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ വിവരങ്ങൾ പി.വി. അന്‍വറിന് ചോര്‍ത്തി; ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിലമ്പൂർ മുൻ എം.എൽ.എ ആയിരുന്ന പി.വി.അന്‍വറിന്​ വിവരം ചോര്‍ത്തിനല്‍കിയതിന്​ ഡിവൈ.എസ്​.പി എം.ഐ. ഷാജിയെ സർവിസിൽ നിന്ന്​ സസ്‌പെന്‍ഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചോര്‍ത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്​ നടപടി.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കൊടുത്ത രഹസ്യറിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക്​ ബി.ജെ.പി ബന്ധമുണ്ടെന്നും നടപടിയൊന്നുമുണ്ടായില്ലെന്നും അന്‍വര്‍ ആരോപിച്ചു.

തുടർന്നാണ്, ക്രൈംബ്രാഞ്ച് നല്‍കിയ രഹസ്യറിപ്പോര്‍ട്ട് അന്‍വറിന്​ ലഭിച്ചതിനെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ചത്. ക്രൈംബ്രാഞ്ചില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ഐ. ഷാജിയാണ്​ വിവരം ചോര്‍ത്തിനല്‍കിയതെന്ന്​ കണ്ടെത്തി.

അന്‍വറുമായി ഷാജി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും നേരില്‍ കണ്ടെന്നും ഇന്റലിജന്‍സ് ഡി.ജി.പിക്ക്​ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയെടുത്തത്. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന ഷാജിയെ നേരത്തേ കാസര്‍കോട്ടേക്ക്​ മാറ്റിയിരുന്നു.

മദ്യപിച്ച്​ വാഹനമോടിച്ച സംസ്ഥാന ക്രൈം റെക്കോഡ്​സ്​ ബ്യൂറോ ഡിവൈ.എസ്​.പി അനില്‍കുമാറിനെയും ഇതോടൊപ്പം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്​.

Tags:    
News Summary - DySP MI Shaji suspended for leaking information to PV Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.