കോട്ടയം: പട്ടികവിഭാഗ വിദ്യാർഥികൾക്കുള്ള ഇ-ഗ്രാന്റിന് അർഹതാ മാനദണ്ഡമായി പ്രഖ്യാപിച്ചിരിക്കുന്ന വാർഷിക വരുമാന പരിധി പൂർണമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയ വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും സംവരണ തത്വങ്ങളുടെ ലംഘനവുമാണെന്ന് ഈ രംഗത്തെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക സംവരണത്തിലേക്കുള്ള വാതിലാണിതെന്നും ആക്ഷേപമുണ്ട്.
കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ നിലനിൽപിനെയും അവരുടെ ഭാവിയെയും പ്രതികൂലമായി ബാധിക്കുന്ന വിധം വിദ്യാഭ്യാസ ധനസഹായം മുടങ്ങുന്നതാണ് പുതിയ വിവാദത്തിന് കാരണം. ഇ-ഗ്രാന്റ് ലഭിക്കുമെന്ന വിശ്വാസത്താൽ പഠനം ആരംഭിച്ചശേഷം വർഷാവസാനം 45 ശതമാനം മാത്രം ഗ്രാന്റ് കൊണ്ട് തൃപ്തരാകേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇങ്ങനെ അധികകാലം തുടരാനാകാതെ വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുകയാണ്.
അതിസങ്കീർണമാണ് ഇ-ഗ്രാന്റ്സ് മാനേജ്മെന്റ് സംവിധാനമെന്നും സംഘടനകൾ പറയുന്നു. 2.5 ലക്ഷം എന്ന വരുമാന പരിധി നീക്കം ചെയ്യാനായി കേന്ദ്ര സർക്കാറിൽ നിരന്തരം സമ്മർദ്ദം ചെലുത്തണമെന്നാണ് സംഘടനകളുടെ ആവശ്യം. മുമ്പ് ചെയ്തിരുന്നത് പോലെ അക്കാദമിക് ഫീസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരിട്ട് നൽകുകയും വിദ്യാർഥികളുടെ വ്യക്തിഗത ധനസഹായങ്ങൾ മാത്രം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ പുറപ്പെടുവിപ്പിച്ച വിജ്ഞാപനത്തിൽ പറയുന്ന വിതരണ സമയവും വിതരണക്രമവും പൂർണമായും പാലിക്കുക. പട്ടികജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി വകയിരുത്തുന്ന തുക വക മാറ്റാതെ ചെലവഴിക്കുക എന്നീ ആവശ്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.