കൊച്ചി: മെട്രോ രണ്ടാംഘട്ട നിർമാണത്തിന് താനുണ്ടാകില്ലെന്ന് കൊച്ചി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ. ശനിയാഴ്ച ഉദ്ഘാടനം നടക്കുന്ന മെട്രോ സ്റ്റേഷനുകളിൽ പരിശോധന നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാംഘട്ട നിർമാണത്തിന് ഡി.എം.ആർ.സിയുടെ ആവശ്യമില്ല. അത് കെ.എം.ആർ.എല്ലിന് പൂർത്തീകരിക്കാനാകും. അതിനുള്ള പ്രാപ്തി കെ.എം.ആർ.എൽ കൈവരിച്ചിട്ടുണ്ട്. ബാക്കി ഭാഗത്തെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ തങ്ങൾക്കാവുമെന്ന് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഉദ്ഘാടനവേദിയിൽനിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഇ. ശ്രീധരനെ ഒഴിവാക്കിയിരുന്നു. ഇതിൽ പരാതിയോ പരിഭവമോ ഇല്ലെന്നാണ് ഇ. ശ്രീധരൻ പ്രതികരിച്ചത്.
സ്റ്റേഷനുകൾ സന്ദർശിച്ച അദ്ദേഹം നിർമാണപ്രവർത്തനങ്ങളും ഒരുക്കവും വിലയിരുത്തി. ഡി.എം.ആർ.സി, കെ.എം.ആർ.എൽ അധികൃതരും ഒപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി ട്രെയിനിൽ യാത്ര നടത്തുന്നതിന് മുന്നോടിയായുള്ള പരിശോധനയാണ് ശ്രീധരൻ നടത്തിയത്.
പ്രധാനമന്ത്രി സഞ്ചരിക്കുന്ന പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെ മെട്രോയിൽ പോയി അദ്ദേഹം കാര്യങ്ങൾ വിലയിരുത്തി. പ്രധാനമന്ത്രിയുടെ യാത്രക്ക് ആവശ്യമായ സംവിധാനങ്ങൾ സ്റ്റേഷനിലും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.