ശ്രീധരനെയും ഡി.എം.ആര്‍.സിയെയും മടക്കി വിളിക്കണം: മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ തുറന്ന കത്ത്

തിരുവനന്തപരും: ഇ.ശ്രീധരനെയും ഡി.എം.ആര്‍.സിയെയും മടക്കി വിളിക്കണമെന്നും ശ്രീധരനുമായി ചര്‍ച്ച നടത്തി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ പണി നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു. 

കത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ...


പ്രിയപ്പെട്ട മുഖ്യമന്ത്രി,

തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സി.യും ഇ. ശ്രീധരനും പിന്മാറി എന്ന വാര്‍ത്ത അത്യന്തം ദുഖത്തോടും നിരാശയോടുമാണ് കേരള ജനത ശ്രവിച്ചത്. പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരെ താത്പര്യം കാണിക്കാതിരുന്ന സാഹചര്യത്തില്‍ വേദനയോടെയാണ് താന്‍ പിന്മാറുന്നതാണെന്ന് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശ്രീധരന്‍ വ്യക്തമാക്കിയത്. ശ്രീധരനെപ്പോലെ രാഷ്ട്രം ആദരിക്കുന്ന ഒരു പ്രതിഭാശാലിക്ക് വേദനയോടെ പിറന്ന മണ്ണിലെ ഒരു പദ്ധതിയില്‍നിന്നും, അത് ഏതു സാഹചര്യത്തിലായാലും പിന്മാറേണ്ടിവരുന്നത് കേരളീയര്‍ക്കാകെ അപമാനമാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ കൊണ്ടുവരിക എന്നത് കേരളം ദീര്‍ഘകാലമായി മനസ്സില്‍ താലോലിക്കുന്ന സ്വപ്നമാണ്. ഇതില്‍ തികച്ചും അസാധ്യമെന്ന് കരുതിയിരുന്ന കൊച്ചി മെട്രോ പദ്ധതി കുറഞ്ഞ കാലംകൊണ്ട് കുറഞ്ഞ ചെലവില്‍ നടപ്പായത് ശ്രീധരന്റെ കര്‍മ്മകുശലയതും പ്രാഗത്ഭ്യവും കാരണവുമാണ്. ഇന്ത്യയില്‍തന്നെ ഏറ്റവും കുറഞ്ഞ കാലയളവില്‍ നിര്‍മ്മിച്ച മെട്രോ എന്ന ഖ്യാതിയും കൊച്ചിക്കുണ്ട്. വെറുമൊരു മേല്‍പ്പാലം നിര്‍മ്മിക്കാന്‍പോലും പത്തും മുപ്പതും വര്‍ഷമെടുക്കുന്ന കേരളത്തില്‍ പാലാരിവട്ടം മുതല്‍ ആലുവ വരെയുടെ 13 കിലോമീറ്റര്‍ മെട്രോപാത വെറും 45 മാസം കൊണ്ട് തീര്‍ത്താണ് ശ്രീധരന്‍ ഒരിക്കല്‍കൂടി അത്ഭുതം കാട്ടിയത്. മുംബൈ മെട്രൊയുടെ 11 കിലോമീറ്ററിന് ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ 75 മാസവും ചെന്നൈ മെട്രോയുടെ ആദ്യഘട്ടമായ 4 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാന്‍ 72 മാസവും എടുത്തപ്പോഴാണ് തിരക്കേറിയ കൊച്ചിയില്‍ ശ്രീധരന്‍ ഈ അത്ഭുതം കാട്ടിയതെന്ന് ഓര്‍ക്കണം. ഈ കര്‍മ്മ വൈഭവം തിരുവനന്തപുരത്തും കോഴിക്കോട്ടും കൂടി ലഭ്യമായിരുന്നു എന്നത് നമുക്ക് ലഭിച്ച വരദാനമായിരുന്നു. അതാണ് തട്ടിത്തെറിപ്പിക്കപ്പെട്ടത്.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയാണ് അനുയോജ്യം എന്ന തീരുമാനത്തിലേയ്ക്ക് നമ്മള്‍ എത്തിയത് 2014 യു.ഡി.എഫ്.സര്‍ക്കാരിന്റെ കാലത്താണല്ലോ. 2015 സെപ്തംബറില്‍ ആ സര്‍ക്കാര്‍ പദ്ധതിരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ഡി.എം.ആര്‍.സി.യെ ചുമതലപ്പെടുത്തുകയും ചെയ്തു. 2016 മെയില്‍ അങ്ങയുടെ നേതൃത്ത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരമേറ്റടുത്തതിനുശേഷം അങ്ങ് തന്നെ ഈ പദ്ധതി വിശകലനം ചെയ്തത് ഓര്‍ക്കുമല്ലോ? യു.ഡി.എഫ്.സമയത്തുള്ള തീരുമാനവുമായി പദ്ധതി മുന്നോട്ടുനീക്കാനായിരുന്നു അങ്ങും തീരുമാനിച്ചത്. പക്ഷേ പിന്നീട് സംഭവിച്ചതൊക്കെ ദുരൂഹമായ കാര്യങ്ങളാണ്. ലൈറ്റ് മെട്രോയുടെ ഭാഗമായി നിര്‍മ്മിക്കേണ്ട തിരുവനന്തപുരത്തെ മേല്‍പ്പാലങ്ങളുടെ പണി ഡി.എം.ആര്‍.സി.യെ ഏല്പ്പിച്ചുകൊണ്ട് 2016 സെപ്തംബറില്‍ പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിക്കപ്പെട്ടു. അജ്ഞാതമായ കാരണങ്ങളാല്‍ ഡി.എം.ആര്‍.സി.യെ ഏല്പ്പിച്ച പണിയില്‍നിന്ന് അവരെ പിന്‍വലിച്ച് ടെണ്ടര്‍ ചെയ്യാന്‍ പോകുകയാണ്. അതേ പോലെ കേന്ദ്രത്തിന്റെ പുതിയ മെട്രോ നയം അനുസരിച്ച് പുതുക്കിയ തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോയുടെ ഡി.പി.ആര്‍ 2016 നവംബറില്‍തന്നെ ഡി.എം.ആര്‍.സി കേരള സര്‍ക്കാരിനെ ഏല്‍പ്പിച്ചു.

നാലു മാസമായിട്ടും അത് കേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടില്ല. അത് കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിക്കാന്‍ ശ്രീധരന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. കേന്ദ്രത്തില്‍നിന്ന് ഔപചാരികമായ അനുമതി ലഭിക്കുന്നതിനു മുമ്പ് തന്നെ സമയം പാഴാക്കാതെ  പ്രാരംഭപണികള്‍ ആരംഭിക്കണമെന്ന ശ്രീധരന്റെ നിര്‍ദ്ദേശത്തിനും സംസ്ഥാന സര്‍ക്കാര്‍ ചെവി കൊടുത്തില്ല. ഡി.എം.ആര്‍.സി. പിന്‍വാങ്ങിയതോടെ ആഗോള ടെന്‍ഡര്‍ വിളിച്ച് ലൈറ്റ് മെട്രോ പണി നടത്താമെന്നാണ് പറയുന്നത്. ആഗോള ടെന്‍ഡര്‍ എന്ന് കേള്‍ക്കുന്നത് സുഖമുള്ള കാര്യമാണെങ്കിലും അതിന്റെ പിന്നല്‍  കമ്മീഷന്‍ എന്നൊരുകാര്യം കാര്യം കൂടി ഉണ്ടെന്നത് മറക്കരുത്. ഇത് സംബന്ധിച്ച് പല തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഉപയോഗിച്ച് ലൈറ്റ് മെട്രോയുടെ പണി പദ്ധതി നടത്താമെന്ന വാദവും അപ്രായോഗ്യമാണ്. കാരണം ഇന്ത്യയില്‍ ലൈറ്റ് മെട്രോ നടപ്പാക്കാനുള്ള സാങ്കേതിക വൈദഗ്ദ്യം ഡി.എം.ആര്‍.സി.ക്ക്  മാത്രമേ ഉള്ളു. ഡി.എം.ആര്‍.സി.യെയും ശ്രീധരനെയും പിണക്കിവിടുന്നത് തിരുവനന്തപുരം-കോഴിക്കോട് മെട്രോകളുടെ പണി അനന്തമായി നീളാനോ,  എന്നെന്നേക്കുമായ സ്വപ്നം അസ്തമിക്കാനോ ആണ് കാരണമാക്കുക.

രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ച വ്യക്തിയാണ് ശ്രീധരന്‍. അദ്ദേഹത്തിന്റെ എഞ്ചിനീയറിംഗ് മാജിക്ക് കൊങ്കണ്‍ റെയില്‍വെയുടെ നിര്‍മ്മിതിയിലും ഡെല്‍ഹി, കല്‍ക്കത്ത മെട്രോയുടെ നിര്‍മ്മാണത്തിലും പാമ്പന്‍പാലത്തിന്റെ പുനനിര്‍മ്മാണത്തിലും നാം കണ്ടതാണ്. ജീവിതത്തിന്റെ സായാഹ്നത്തില്‍ പിറന്ന മണ്ണിനു കൂടി താന്‍ ആര്‍ജ്ജിച്ച വൈഭവം ലഭ്യമാക്കാനാണ് പാട്നയിലെയും ഇന്തോനേഷ്യയിലെയും പ്രോജക്ടുകള്‍ ഉപേക്ഷിച്ച് അദ്ദേഹം കേരളത്തിലേയ്ക്ക് വന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ ഈ അപൂര്‍വ്വ പ്രതിഭയെ സ്വന്തം മണ്ണില്‍ സ്വന്തം നാട്ടുകാര്‍ തന്നെ പരാജയപ്പെടുത്തുന്നത് ദുഖകരമാണ്. മാസങ്ങളോളം കാത്തിരുന്നശേഷമാണ് അദ്ദേഹം പിന്‍വാങ്ങുന്നത്. മാസം 16 ലക്ഷം രൂപ ഡി.എം.ആര്‍.സി.ക്ക് നഷ്ടപ്പെടുത്തിക്കൊണ്ട് വെറുതെയിരിക്കാന്‍ കഴിയില്ലെന്ന അദ്ദേഹത്തിന്റെ വാദം മാനിക്കപ്പെടേണ്ടതാണ്.

പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചുകൊണ്ട് ജനുവരി 24 ന് കത്ത് നല്‍കുമ്പോള്‍ തന്നെ അങ്ങയെ കാണാനും ശ്രീധരന്‍ ശ്രമിച്ചതാണ്. എന്നാല്‍, അതിന് അവസരം കിട്ടിയിട്ടില്ല എന്നാണ് അ്ദദേഹം പറയുന്നത്. അത് മനപ്പൂര്‍വ്വമായിരുന്നില്ലെന്നും തിരക്കുകള്‍ കാരണമാണ് അദ്ദേഹത്തെ കാണാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹവുമായി ചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണെന്നും അങ്ങ് ഇന്ന് നിയമസഭയില്‍ പറഞ്ഞത് ഞാന്‍ സ്വാഗതം ചെയ്യുന്നു. അതിനാല്‍ അങ്ങ് ശ്രീധരനെ മടക്കിവിളിക്കണം. ചര്‍ച്ച നടത്തി അദ്ദേഹത്തെ വിശ്വാസത്തിലെടുക്കണം. ശ്രീധരനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കൊച്ചിയില്‍ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം കൊടുത്തയാളാണല്ലോ അങ്ങ്. അതിനാല്‍ ശ്രീധരന്‍ ഇവിടെ ഉണ്ടാകേണ്ട ആവശ്യകത  അങ്ങേയ്ക്കും ബോധ്യമാകുമെന്ന് എനിക്കുറപ്പുണ്ട്. 

ശ്രീധരനെ ഓടിക്കാനുള്ള തത്പരകക്ഷികളുടെ കരുനീക്കത്തെ ചെറുത്തു തോല്പ്പിക്കാനുള്ള ബാധ്യതയും അങ്ങേയ്ക്കുണ്ട്. കാരണം തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോകള്‍ കേരളത്തിന്റെ ആവശ്യമാണ്. അത് കുറഞ്ഞ ചെലവിലും അഴിമതിയില്ലാതെയും നടപ്പിലാക്കാമെന്ന ശ്രീധരന്റെ വാക്കുകള്‍ മുന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ മുഖവിലയ്ക്കെടുക്കണം. ശ്രീധരനെപ്പോലുള്ള അപൂര്‍വ്വ പ്രതിഭകള്‍ ജോലി ചെയ്യുന്നത് പ്രത്യേക ശൈലിയിലാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം അതിനനുസരിച്ച് മാറ്റേണ്ടതാണ് ആവശ്യം. ശ്രീധരന്റെ സേവനം കേരളത്തിന് നഷ്ടപ്പെടുത്തുന്ന സാഹചര്യം അങ്ങ് ഒഴിവാക്കുമെന്ന പ്രതീക്ഷയോടെ,

രമേശ് ചെന്നിത്തല
(പ്രതിപക്ഷനേതാവ്)
10-03-18

 

Tags:    
News Summary - e sreedharan: ramesh chennithala write open letter to pinarayi vijayan -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.