കൊച്ചി: കേരളത്തിൽ ഓരോ വർഷവും ഇ-മാലിന്യത്തിന്റെ അളവ് ഗണ്യമായി കൂടുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 1800 ടണ്ണോളം ഇ-മാലിന്യമാണ് സംസ്ഥാനത്തുനിന്ന് ശേഖരിച്ച് സംസ്കരണത്തിന് കൈമാറിയത്. വൈവിധ്യമാർന്ന ഇലക്ട്രോണിക്, വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം മലയാളികൾക്കിടയിൽ വർധിച്ചതാണ് ഇ-മാലിന്യത്തിന്റെ അളവ് ഉയർത്തിയത്. അജൈവ മാലിന്യത്തിൽ ഏറ്റവും അപകടകരമായ ഇ-മാലിന്യം പ്രകൃതിയുടെയും മനുഷ്യന്റെയും ആരോഗ്യത്തിന് ഉയർത്തുന്ന ഭീഷണി കടുത്തതാണ്.
ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളും അവയുടെ ഭാഗങ്ങളുമാണ് ഇ-മാലിന്യത്തിൽ ഉൾപ്പെടുന്നത്. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, റഫ്രിജറേറ്റർ, ലാപ്ടോപ്പുകൾ, ട്യൂബുകൾ, സി.എഫ്.എൽ ബൾബുകൾ, എൽ.ഇ.ഡി ബൾബുകൾ, വാഷിങ് മെഷീൻ, ഇലക്ട്രിക് സ്റ്റൗ, പ്രിന്റർ, ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ, കാൽക്കുലേറ്റർ തുടങ്ങിയവയെല്ലാം ഇതിൽപെടുന്നു. മണ്ണിൽ ഉപേക്ഷിക്കുന്ന ഇവയുടെ അവശിഷ്ടങ്ങളിൽനിന്നുള്ള കാഡ്മിയം, മെർക്കുറി തുടങ്ങിയ വിഷപദാർഥങ്ങളും കൂട്ടിയിട്ട് കത്തിച്ചാലുണ്ടാകുന്ന പുകയും മണ്ണിനെയും മനുഷ്യനെയും ദോഷകരമായി ബാധിക്കും.
ആയുസ്സ് കുറഞ്ഞ ഇലക്ട്രോണിക്, ഇലക്ട്രിക് ഉപകരണങ്ങളും വിപണിയിൽ അടിക്കടി മാറിവരുന്ന ഉൽപന്നശ്രേണിയും ഇ-മാലിന്യം വർധിക്കാൻ കാരണമാകുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം ഹരിതകർമസേന ശേഖരിച്ച് തരം തിരിച്ച 27,484 ടൺ മാലിന്യത്തിൽ 900.15 ടൺ ഇ-മാലിന്യമായിരുന്നു.
വീടുകളിൽനിന്ന് ഹരിതകർമസേനയും സർക്കാർ ഓഫിസുകളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും പ്രത്യേക ഏജൻസികളും ഇ-മാലിന്യം ശേഖരിക്കുന്നു. ഇ-മാലിന്യം ബന്ധപ്പെട്ട ഉൽപന്നത്തിന്റെ നിർമാതാക്കൾ ഉപഭോക്താക്കളിൽനിന്ന് നേരിട്ടോ ഏജൻസികൾ വഴിയോ ശേഖരിക്കണമെന്ന സർക്കാർ ഉത്തരവും നിലവിലുണ്ട്. എന്നാൽ, ഇത് പലപ്പോഴും കാര്യക്ഷമമായി നടക്കാറില്ല.
സംസ്ഥാനത്തുനിന്ന് ശേഖരിക്കുന്ന ഇ-മാലിന്യം ശാസ്ത്രീയമായി പുനഃസംസ്കരിക്കുന്നതിന് ഏജൻസികൾ വഴി ബന്ധപ്പെട്ട കമ്പനികൾക്ക് കൈമാറി വരുകയാണെന്ന് ക്ലീൻ കേരള കമ്പനി പ്രോജക്ട് മാനേജർ എൽ.കെ. ശ്രീജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള ഏജൻസികളെ ടെൻഡർ വഴിയാണ് കണ്ടെത്തുന്നത്. സംസ്കരണ യോഗ്യമല്ലാത്തത് സിമന്റ് ഫാക്ടറികൾക്ക് കൈമാറും. സംസ്ഥാനത്ത് എല്ലാത്തരം മാലിന്യങ്ങളുടെയും അളവ് കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.