തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി നിർബന്ധിച്ചുവെന്ന് മൊഴി. എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത സിവിൽ പൊലീസ് ഓഫിസറുടേതാണ് മൊഴി. ഡിസംബർ 11നാണ് മൊഴി നൽകിയത്. സ്വപ്നയുടെ ശബ്ദരേഖ പുറത്ത് വന്നതുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന സംഘത്തിനാണ് മൊഴി നൽകിയത്. 'മൊഴി പകർപ്പ്' മീഡിയ വൺ ചാനൽ പുറത്തു വിട്ടു.
സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തവരിൽ ഈ വനിത പൊലീസ് ഉദ്യോഗസ്ഥയും ഉൾപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി നിർബന്ധിച്ചതായും ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിർബന്ധപൂർവം പറയിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും സ്വപ്നയെ നിർബന്ധിച്ച് ഇക്കാര്യങ്ങൾ പറയിപ്പിക്കുന്നത് താൻകേട്ടിട്ടുണ്ടെന്നും അവർ മൊഴി നൽകി. ഇനി ഒരു ഉന്നതെന ഇവിടെ കൊണ്ടിരുത്തും എന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത് കേട്ടിട്ടുണ്ടെന്നും വനിത സിവിൽ പൊലീസ് ഓഫീസർ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
ഹിന്ദിയിലും ഇംഗ്ലീഷിലും ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചോദിച്ചിരുന്നു. തനിക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്നതുകൊണ്ട് അവർ പറയുന്നതൊക്കെ മനസ്സിലായിരുന്നു. ചോദ്യം ചെയ്യലിനിടെ ഇ.ഡി ഉദ്യോഗസ്ഥർ ഇടക്കിടെ ഫോണിൽ ഹിന്ദിയിൽ സംസാരിക്കുന്നുണ്ടായിരുന്നു. കൂടുതലും രാത്രി സമയങ്ങളിലാണ് ചോദ്യം ചെയ്യാറുണ്ടായിരുന്നത്. പുലർച്ചെയാണ് ചോദ്യം ചെയ്യൽ അവസാനിക്കാറ്. തന്നെ ഉറങ്ങാൻ പോലും സമ്മതിക്കാതെ പീഡിപ്പിക്കുന്ന കാര്യം സ്വപ്ന കോടതിയിലും പറഞ്ഞിരുന്നു. സമ്മർദ്ദം ചെലുത്തി ചോദ്യം ചെയ്തത് രാധാകൃഷ്ണൻ എന്നയാളായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ 15 മുതൽ പാലാരിവട്ടം സ്റ്റേഷനിൽ േജാലി ചെയ്തുവരികയായിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആഗസ്ത് ആറ് മുതൽ ഇടവിട്ട ദിവസങ്ങളിൽ താൻ സുരക്ഷാ ജോലിയുമായി ബന്ധപ്പെട്ട് പോയിരുന്നു. രണ്ട് ടേമിലായി നാല് പേരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.