കട്ടിപ്പാറ (കോഴിക്കോട്): പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചിരിക്കുന്ന കരിഞ്ചോലയിലെയും പരിസരങ്ങളിലെയും മനുഷ്യര്‍ക്ക് ചെറിയ പെരുന്നാളിന് മൈലാഞ്ചിമൊഞ്ചും പുതുമോടിയുമുണ്ടായിരുന്നില്ല. വ്യാഴാഴ്ച പുലര്‍ച്ച ദുഃസ്വപ്നം പോലെത്തിയ ഉരുള്‍പൊട്ടലില്‍നിന്ന് മുക്തമാകാത്ത നാട് കണ്ണീര്‍മഴയില്‍ കുതിര്‍ന്നിരുന്നു. മാനത്ത് അമ്പിളിക്കീറ് കണ്ടാല്‍ പിറ്റേന്ന് പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ക്കായി ഉറങ്ങാതിരിക്കുന്ന കട്ടിപ്പാറക്കാര്ക്ക് വ്യാഴാഴ്ച രാത്രിയും ഉറക്കമുണ്ടായിരുന്നില്ല.
ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവരെ ഓർത്ത് പിടക്കുന്ന മനസ്സുമായി കഴിയുകയായിരുന്നു. ജീവന് പറന്നുപോയ ആ ശരീരങ്ങളെങ്കിലും കിട്ടണമേയെന്ന പ്രാര്‍ഥന. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതസ്ഥര്‍ എക്കാലവും ഒരുമയോടെ വസിക്കുന്ന കട്ടിപ്പാറയില്‍ എല്ലാവരുടെയും പ്രാര്‍ഥന ഇതുതന്നെയായിരുന്നു. കട്ടിപ്പാറയില്‍ മാത്രമല്ല, പൂനൂരിലും താമരശ്ശേരിലും മറ്റ് സമീപ പ്രദേശങ്ങളിലുമെല്ലാം ആഘോഷങ്ങള്‍ക്ക് സ്വയം അവധി നല്കിയവരേറെയാണ്.
ചെറിയ പെരുന്നാള്‍ നമസ്കാരത്തിന് വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദില്‍ എത്തിയ വിശ്വാസികളുടെ എണ്ണം കുറവായിരുന്നു. വിശ്വാസികള്‍ നിറയാറുള്ള പള്ളിയില്‍ രണ്ടു വരിയായി മാത്രമേ ആളുകളുണ്ടായിരുന്നുള്ളൂവെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു. രാവിലെ ആറു മണി മുതല്‍ യുവാക്കളടക്കം ദുരന്തമുഖത്ത് തിരച്ചില്‍ യത്നത്തിലായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് പുതുവസ്ത്രങ്ങള്‍ അണിയാന്‍ തോന്നിയില്ല. പലരും അടുക്കളയില്‍ പതിവ് വിഭവങ്ങളൊരുക്കിയില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും പെരുന്നാളില്ലാത്ത ദിനമായിരുന്നു.
വെട്ടിഒഴിഞ്ഞ തോട്ടം ജി.എല്‍.പി സ്കൂളടക്കമുള്ള മൂന്നു ദുരിതാശ്വാസ ക്യാമ്പിലും കണ്ണീര് പെരുന്നാളായി. ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട ഈര്‍ച്ച അബ്ദുറഹ്മാനുൾപ്പെടെയുള്ളവര് വെട്ടിഒഴിഞ്ഞ തോട്ടം ജി.എല്‍.പി സ്കൂളിലുണ്ടായിരുന്നു. ദുരന്തത്തില്‍ മണ്ണിനടിയിലായ നബീസയുടെ അനിയത്തി സൈനബയും മരിച്ച ജാഫറിെൻറ ബന്ധു അബ്ദുല്ലയും സങ്കടത്തോടെ കാത്തിരുന്നു. ഇത്താത്തയെ കാണാന്‍ ചെറിയ പെരുന്നാള്‍ദിനം വരാനിരുന്ന സൈനബക്ക് കണ്ണീര് അടക്കാനാവുന്നില്ല. മൃതശരീരമെങ്കിലുമൊന്നു കണ്ടാല്‍ മതിയെന്ന് ആ യുവതി വിലപിച്ചു. പെരുന്നാള്‍ നമസ്കാരത്തിന് സ്ത്രീകള്‍ക്ക് ഇവിടെ സൗകര്യമൊരുക്കിയിരുന്നു.
സന്നദ്ധ സംഘടനകളും മറ്റും ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണം എത്തിച്ചു. എന്ത് സഹായത്തിനും തയാറായി ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിന് സമീപം നിലയുറപ്പിച്ചു.
ഉച്ചക്കുശേഷം ദൂരെ ദിക്കില്‍നിന്ന് പോലും ബന്ധുക്കളും ഒരു ബന്ധവുമില്ലാത്തവരും ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ കാണാനെത്തി. അക്ഷരാര്‍ഥത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഒഴുകിയത്തെുകയായിരുന്നു. ഇത്തവണത്തെ ബന്ധുസന്ദര്‍ശനം ഈവിധമായതില് പലരുടെയും കണ്ണുനനഞ്ഞു. വിവിധ മതനേതാക്കള്‍ ആശ്വാസവചനങ്ങള്‍ കൈമാറി, കൂട്ടമായി പ്രാര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.